ഇസ്‌ലാമാബാദ്: പാകിസ്താനിൽ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നു. പ്രമുഖ മതസംഘടന ജാമിയത്ത് ഉലൈമ ഇ ഇസ്‌ലാം ഫസൽ (ജെ.യു.ഐ.-എഫ്) നേതാവ് മൗലാന ഫസലുർ റഹ്മാന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ആസാദിമാർച്ച് എന്നപേരിൽ പ്രതിഷേധം ആരംഭിച്ചത്. ഇമ്രാന് രാജിവെക്കാൻ നൽകിയ 48 മണിക്കൂർ തീർന്നതോടെ ഭാവിപരിപാടികൾ ആലോചിക്കാൻ പ്രതിപക്ഷപാർട്ടികൾ സംയുക്തയോഗം ചേർന്നു.

താൻ രാജിവെക്കില്ലെന്ന് ഇമ്രാൻഖാൻ തിങ്കളാഴ്ച വീണ്ടും പ്രഖ്യാപിച്ചു. ‘‘അഴിമതിയാരോപണങ്ങളെത്തുടർന്ന് ജയിലിലായ നേതാക്കളെ രക്ഷിക്കാനുള്ള പ്രതിപക്ഷപാർട്ടികളുടെ അവസാനശ്രമമാണ് പ്രക്ഷോഭം. എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും അഴിമതി ആരോപണവിധേയർക്കെതിരേയുള്ള നടപടികളിൽനിന്ന് പിന്നോട്ടില്ല. പ്രതിപക്ഷനേതാക്കളുമായി ചർച്ചയ്ക്ക് ഒരുക്കമാണ്’’ -ഇമ്രാൻ പറഞ്ഞു.

ഫസലുർ റഹ്മാന്റെ നേതൃത്വത്തിൽ പതിനായിരങ്ങളാണ് തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വെള്ളിയാഴ്ചമുതൽ റാലിയിൽ പങ്കെടുക്കുന്നത്. പാകിസ്താന്റെ ‘ഗോർബച്ചേവ്’ ഇമ്രാൻഖാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം തിങ്കളാഴ്ച ആവർത്തിച്ചു. സമാധാനമായി പ്രതിഷേധം നടത്തുന്നവരുടെ ക്ഷമ പരീക്ഷിക്കരുതെന്നും ആവശ്യപ്പെട്ടു.

പാകിസ്താൻ മുസ്‌ലിംലീഗ് നവാസ് (പി.എം.എൽ.-എൻ), പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി.), ക്വാമി വതൻ പാർട്ടി, നാഷണൽ പാർട്ടി, അവാമി നാഷണൽ പാർട്ടി തുടങ്ങിയവയാണ് ഫസലുർ റഹ്മാന് പിന്തുണയുമായി രംഗത്തുള്ളത്. പി.എം.എൽ.-എൻ നേതാവ് ഷെഹ്ബാസ് ഷരീഫ്, പി.പി.പി. നേതാവ് ബിലാവൽ ഭൂട്ടോ സർദാരി എന്നിവർ യോഗത്തിനെത്തില്ലെന്ന് ഡോൺ ന്യൂസ് റിപ്പോർട്ടുചെയ്തു.

അതിനിടെ വിദ്വേഷവും പ്രകോപനവും പടർത്തി പ്രസംഗിച്ചതിന് ഫസലുർ റഹ്മാനെതിരേ നടപടിവേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ വാദംകേൾക്കാൻ ലഹോർ ഹൈക്കോടതി തയ്യാറായിട്ടുണ്ട്. സ്ഥിതഗതികൾ ആശങ്കാജനകമായി തുടരുന്നതിനാൽ തലസ്ഥാനത്തെങ്ങും കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

Content Highlights: protest against Imran Khan in Pakistan