കോട്ടൊനു (ബെനീൻ): ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണം സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാകുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബെനീൻ പാർലമെന്റിനെ അഭിസംബോധനചെയ്തു തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിലാണ് രാഷ്ട്രപതിയുടെ പരാമർശം.

അഖില ആഫ്രിക്കൻ ഇ-നെറ്റ്‌വർക്ക് പദ്ധതിയുടെ വിജയത്തിനുശേഷം ഇ-വിദ്യാഭാരതി, ഇ-ആരോഗ്യഭാരതി തുടങ്ങിയ പദ്ധതികൾ ബെനീനുമായി ചേർന്നു നടത്താൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. ആഫ്രിക്കൻ ജനതയ്ക്കും പ്രത്യേകിച്ച് യുവാക്കളുടെ ശാക്തീകരണത്തിനുമായി ഞങ്ങൾ കൈവരിച്ച സാങ്കേതിക വിപ്ലവം ആഫ്രിക്കയുമായി പങ്കുവെക്കുന്നതിൽ ഇന്ത്യക്ക്‌ സന്തോഷമുണ്ട്. ഏതാനും ദിവസംമുമ്പാണ് ചന്ദ്രയാൻ-2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. ബഹിരാകാശ രംഗത്തുണ്ടാക്കിയ ശാസ്ത്രീയനേട്ടങ്ങൾ ആശയവിനിമയശേഷിയെയും വിഭവപര്യവേക്ഷണത്തെയും ദുരന്തനിവാരണശേഷിയെയും മെച്ചപ്പെടുത്താൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്” -രാംനാഥ് കോവിന്ദ് പറഞ്ഞു.