ബേൺ/ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഞ്ചരിക്കേണ്ടിയിരുന്ന എയർ ഇന്ത്യ വൺ വിമാനം സാങ്കേതികത്തകരാറുകാരണം മൂന്നുമണിക്കൂർ വൈകി. സ്വിറ്റ്സർലൻഡിൽനിന്ന് സ്ളൊവീനിയയ്ക്ക് പോകാനുള്ള വിമാനമാണ് ഞായറാഴ്ച സൂറിച്ച് വിമാനത്താവളത്തിൽ കുടുങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എയർ ഇന്ത്യ ഉത്തരവിട്ടു.

യാത്രപുറപ്പെടാൻ രാഷ്ട്രപതി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം. തുടർന്ന് അദ്ദേഹം ഹോട്ടലിലേക്ക് മടങ്ങിപ്പോയി. ലണ്ടൻ-മുംബൈ റൂട്ടിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യ ബോയിങ് 777 വിമാനം സൂറിച്ചിലേക്ക് പറക്കാൻ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ പകരം തയ്യാറാക്കി നിർത്തിയിരുന്നതായി എയർലൈൻ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, എയർ ഇന്ത്യ എൻജിനിയർമാർതന്നെ തകരാർ പരിഹരിച്ചു. മൂന്നുമണിക്കൂർ വൈകി രാഷ്ട്രപതിയുമായി സ്ളൊവീനിയയിലേക്ക് യാത്രതിരിക്കുകയും ചെയ്തു. ബോയിങ് 747 വിമാനമാണ് സൂറിച്ചിൽനിന്ന് സ്ളൊവീനിയയിലേക്കുള്ള രാഷ്ട്രപതിയുടെ യാത്രയ്ക്ക് ഒരുക്കിയിരുന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും എയർ ഇന്ത്യ തിങ്കളാഴ്ച അറിയിച്ചു. പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയവരുടെ വിദേശയാത്രയ്ക്ക് എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.

സെപ്റ്റംബർ ഒമ്പതിനാണ് രാഷ്ട്രപതി ഐസ്‌ലൻഡ്, സ്വിറ്റ്സർലൻഡ്, സ്ളൊവീനിയ എന്നിവിടങ്ങളിലേക്ക് ഔദ്യോഗികയാത്ര പുറപ്പെട്ടത്. ഐസ്‌ലൻഡും സ്വിറ്റ്സർലൻഡും സന്ദർശിച്ചശേഷമാണ് അദ്ദേഹം സ്ളൊവീനിയയിലെത്തിയത്. ഐസ്‌ലൻഡിലേക്കുള്ള യാത്രയ്ക്ക് രാഷ്ട്രപതിയുടെ വിമാനത്തിന് പാകിസ്താൻ വ്യോമപാത തുറന്നുനൽകാത്തത് വലിയ വാർത്തയായിരുന്നു.

content highlights: President Kovind's flight delayed at Zurich