വത്തിക്കാൻ സിറ്റി: ബാലലൈംഗികപീഡനം മനുഷ്യക്കുരുതിക്ക് തുല്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ നടക്കുന്ന ആഗോള ശിശുസംരക്ഷണ ഉച്ചകോടിയിലെ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാൻ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സാത്താന്റെ ഉപകരണങ്ങളാകുന്ന പുരോഹിതരാണ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. ഓരോ ആരോപണങ്ങളും ഏറ്റവും ഗൗരവത്തോടെ കൈകാര്യം ചെയ്യും. ഇരകൾക്കാണ് പ്രാധാന്യം നൽകുന്നത്. ഇവയെക്കുറിച്ച് കേൾക്കുമ്പോൾ പണ്ടുകാലങ്ങളിൽ നിലനിന്നിരുന്ന നരബലിയെക്കുറിച്ചാണ് ഓർമ വരുന്നത്. പുരോഹിതർക്കെതിരേ ഉയരുന്ന ലൈംഗികാരോപണങ്ങൾ കൈകാര്യം ചെയ്യാനായി ബിഷപ്പുമാർക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകും. ആരോപണങ്ങൾ മൂടിവയ്ക്കുന്ന പ്രവണതയ്ക്ക് അവസാനമുണ്ടാക്കും. തെറ്റുചെയ്ത ഓരോരുത്തരേയും നിയമത്തിനുമുന്നിൽ കൊണ്ടുവരും. ഇക്കാര്യത്തിൽ പീഡകർ പറയുന്ന ന്യായീകരണങ്ങളൊന്നം തൃപ്തമല്ല.

പിതാവിനെപ്പോലെയോ ആത്മീയനേതാവിനെപ്പോലെയോ സംരക്ഷിക്കേണ്ടവർ അധികാരവും ശക്തിയുമുപയോഗിച്ച് ഉപദ്രവിച്ച കുഞ്ഞുങ്ങളുടെ നിശ്ശബ്ദമായ കരച്ചിലുകളാണ് ഇവിടെ പ്രതിധ്വനിക്കുന്നത്. കൂടുതൽ ജാഗ്രതയോടെ ഈ കരച്ചിലിന് കാതോർക്കേണ്ടതും അവർക്ക് നീതി ലഭ്യമാക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്’ -മാർപാപ്പ കൂട്ടിച്ചേർത്തു.

ബാലലൈംഗികപീഡനം അവസാനിപ്പിക്കുന്നതിനായുള്ള ഉച്ചകോടി ഞായറാഴ്ച വത്തിക്കാനിൽ സമാപിച്ചു. വിവിധ രാജ്യങ്ങളിലെ ആർച്ച്ബിഷപ്പുമാരുടെ തലവന്മാരാണ് നാലുദിവസത്തെ ഉച്ചകോടിയിൽ പങ്കെടുത്തത്.

Content Highlights: Pope Francis, Vatican City