വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആശീർവാദം തേടിയെത്തിയ വിശ്വാസിയെ ക്ഷോഭിച്ച് ശകാരിക്കാനിടയായതിൽ മാപ്പുപറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. പുതുവർഷരാവിൽ വിശ്വാസികളെ കാണുന്നതിനിടെ തന്റെ കൈയിൽ പിടിച്ചുവലിച്ച സ്ത്രീയുടെ കൈ ബലമായി തട്ടിമാറ്റുകയും അവരെ ശകാരിക്കുകയുംചെയ്ത സംഭവത്തിലാണ് പാപ്പ ഖേദംപ്രകടിപ്പിച്ചത്.

“ചിലസമയം നമുക്ക് ക്ഷമ നഷ്ടപ്പെടാറുണ്ട്. അതെനിക്കും സംഭവിച്ചുപോയി. ഇന്നലെയുണ്ടായ മോശം സംഭവത്തിൽ ഞാൻ ക്ഷമചോദിക്കുന്നു” -മാർപാപ്പ പറഞ്ഞു.

കുഞ്ഞുങ്ങളെ കൈപിടിച്ച്‌ അനുഗ്രഹിച്ചതിനുശേഷം തിരിഞ്ഞുനടക്കാൻ തുടങ്ങിയ മാർപാപ്പയുടെ കൈയിൽ പിടിച്ച സ്ത്രീ അദ്ദേഹത്തോട് എന്തൊക്കെയോ പറയാൻശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, പിടിച്ചുവലിച്ചതോടെ വീഴാൻ തുടങ്ങിയ പാപ്പ അവരെ തള്ളിമാറ്റി. സംഭവത്തിന്റെ വീഡിയോ അതിവേഗം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.

മാർപാപ്പയെ അനുകൂലിച്ചാണ് ഭൂരിഭാഗം പേരും രംഗത്തെത്തിയത്. അദ്ദേഹവും മനുഷ്യനാണെന്നും മാർപാപ്പയാണെന്നുകരുതി അദ്ദേഹത്തിന് വേദനയുണ്ടാകാതിരിക്കില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

Content Highlights: Pope Francis Vatican