വത്തിക്കാൻസിറ്റി: പുരോഹിതർ പ്രതികളായ ബാലലൈംഗിക പീഡനക്കേസുകളിൽ അപലപിക്കലും ലളിതമായ ശിക്ഷകളുമല്ലാതെ ലോകം ശക്തമായ നടപടി പ്രതീക്ഷിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ വ്യാഴാഴ്ചയാരംഭിച്ച ആഗോള ശിശുസംരക്ഷണ ഉച്ചകോടിയിലാണ് മാർപാപ്പയുടെ പ്രഖ്യാപനം. പുരോഹിതർ പ്രതികളായ ബാലലൈംഗികപീഡനക്കേസുകൾ കത്തോലിക്കാസഭയെ ഉലച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി.

‘നീതിതേടിയുള്ള കുഞ്ഞുങ്ങളുടെ നിലവിളി കേൾക്കപ്പെടണം. ഈ പൈശാചികതയ്ക്കെതിരേ അവബോധം സൃഷ്ടിക്കാനും ശുദ്ധീകരണം നടത്താനും സഹായിക്കണമെന്ന് ദൈവത്തോട് ആവശ്യപ്പെടുകയാണ്. സഭയ്ക്കെതിരേ ഉയർന്നുവന്ന ബാലലൈംഗിക പീഡനാരോപണങ്ങൾ കുഞ്ഞുങ്ങളിലും വിശ്വാസികളിലുമുണ്ടാക്കിയ മുറിവുകളുണക്കാൻ കന്യാമറിയത്തിന്റെ സഹായമുണ്ടാകട്ടെ’ -മാർപാപ്പ പറഞ്ഞു.

സഭാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ബാലപീഡനമുൾപ്പെടെയുള്ള ലൈംഗികാതിക്രമങ്ങൾ കണ്ടെത്താനും കൈകാര്യം ചെയ്യാനും ബിഷപ്പുമാർക്ക് അവബോധം നൽകുകയാണ് ഉച്ചകോടിയുടെ ഉദ്ദേശ്യം. 114 മുതിർന്ന ബിഷപ്പുമാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. എന്നാൽ ആഫ്രിക്കയിലും ഏഷ്യയിലെ ചിലയിടങ്ങളിലും പള്ളികൾ ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നെന്ന് അംഗീകരിക്കാത്ത സാഹചര്യത്തിൽ വത്തിക്കാനെ സംബന്ധിച്ച് ഈ ഉദ്യമം ശ്രമകരമായേക്കും. ‘ഉത്തരവാദിത്വം, ചുമതല, സുതാര്യത’ എന്നിവയാണ് ഉച്ചകോടിയുടെ പ്രമേയം.

ചില കാനൻ നിയമങ്ങൾ മെച്ചപ്പെടുത്തുന്നതുൾപ്പെടെയുള്ള പരിഷ്കരണങ്ങൾക്കായി ചർച്ച നടക്കുന്നുണ്ടെന്ന് മാൾട്ടയിൽ നിന്നുള്ള ആർച്ച്ബിഷപ്പ് ചാൾസ് സിക്ലുന പറഞ്ഞു. അതേസമയം നിയമങ്ങളിൽ ചില മിനുക്കുപണികൾ മാത്രം നടത്തുന്നതിനെ ഒട്ടേറെപ്പേർ വിമർശിച്ചു. കത്തോലിക്കാനിയമങ്ങളിൽ മിനുക്കുപണി നടത്തുമെന്നും മെച്ചപ്പെടുത്തുമെന്നും പറയുന്നതിനുപകരം അവ മാറ്റിയെഴുതുകയാണ് വേണ്ടതെന്ന് പുരോഹിതർക്കെതിരേയുള്ള ലൈംഗികാരോപണങ്ങൾ പുറത്തുകൊണ്ടുവന്ന ബിഷപ്പ് അക്കൗണ്ടബിലിറ്റി ഓർഗെന്ന വിവരശേഖര വെബ്സൈറ്റിന്റെ ഡയറക്ടർ ആൻ ബാരെറ്റ് ഡോയ്‍ലെ പറഞ്ഞു.

130 രാജ്യങ്ങളിലെ ദേശീയ ബിഷപ്പ് കോൺഫറൻസ് തലവൻമാരാണ് നാലുദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

Content Highlights: Pope Francis, Vatican