വത്തിക്കാൻ സിറ്റി: ഹഗിയ സോഫിയ മ്യൂസിയം മുസ്‌ലിം പള്ളിയാക്കാനുള്ള തുർക്കിയുടെ തീരുമാനം വളരെയധികം വേദനിപ്പിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്ത്യൻ ആരാധനാലയമായി നിർമിച്ച് പിന്നീട് മ്യൂസിയമായി പ്രഖ്യാപിക്കപ്പെട്ട ഹഗിയ സോഫിയ കഴിഞ്ഞദിവസമാണ് തുർക്കി പ്രസിഡന്റ്‌ രജബ്‌ തയ്യിപ് ഉർദുഗാൻ മുസ്‌ലിം പള്ളിയായി പ്രഖ്യാപിച്ചത്. ജൂലായ് 24-ന് അവിടെ പ്രാർഥന തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

‘‘ഈസ്താംബൂളിലെ സെയ്ന്റ് സോഫിയയെക്കുറിച്ചാണ് ഇപ്പോൾ എന്റെ ചിന്ത. അതെന്നെ വളരെ വേദനിപ്പിക്കുന്നു’’ -സെയ്‌ന്റ് പീറ്റേർസ് ചത്വരത്തിൽ പ്രതിവാര അനുഗ്രഹവേളയിൽ അദ്ദേഹം പറഞ്ഞു.

ആറാംനൂറ്റാണ്ടിൽ പണിത സെയ്ന്റ് സോഫിയ കത്തീഡ്രൽ തുർക്കിയിൽ ഓട്ടോമാൻ ഭരണകാലത്ത് 1453-ലാണ് പള്ളിയാക്കിയത്. 1934-ൽവന്ന തുർക്കിയിലെ പുരോഗമനവാദിസർക്കാർ അതിനെ മ്യൂസിയമായി പ്രഖ്യാപിച്ചു. ഇതാണ് കോടതിവിധിയുടെ പിൻബലത്തിൽ ഉർദുഗാൻ വീണ്ടും മാറ്റിയത്. ജനീവ ആസ്ഥാനമായിപ്രവർത്തിക്കുന്ന വേൾഡ് ചർച്ചസ് കൗൺസിൽ ഇതിൽ പോപ്പിനെ ആശങ്കയറിയിച്ചിരുന്നു.

Content Highlights: Pope Francis Turkey