വത്തിക്കാൻ സിറ്റി: കത്തോലിക്കാസഭയ്ക്കുള്ളിലെ ലൈംഗികപീഡന ആരോപണങ്ങളിൽ കർശന നിർദേശങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ. പുരോഹിതരുടെ പേരിലുള്ള കുറ്റകൃത്യങ്ങൾ മറച്ചുവെക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശക്തമായ താക്കീതുമായി മാർപാപ്പയുടെ വ്യക്തിപരമായ മേൽനോട്ടത്തിൽ തയ്യാറാക്കിയ മാർഗനിർദേശം വ്യാഴാഴ്ച പുറത്തിറക്കി.

സഭാനിയമത്തിന്റെ ഭാഗമായുള്ള രേഖയിൽ കന്യാസ്ത്രീകളെ ചൂഷണംചെയ്യുന്നത് തടയുന്നതിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ‘ലൈംഗികപീഡനത്തെക്കുറിച്ച് അറിയുന്നവരും സംശയമുള്ളവരും ഉടൻ വിവരം സഭയെ അറിയിച്ചിരിക്കണം. കത്തോലിക്കാസഭയിലെ പുരോഹിതരും കന്യാസ്ത്രീകളും സഭയ്ക്കുള്ളിലെ ലൈംഗികപീഡനക്കുറ്റങ്ങൾ മറച്ചുവെക്കരുത്. പീഡനക്കുറ്റങ്ങൾ മേലധികാരികൾ മറച്ചുവെക്കാൻ ശ്രമിച്ചാൽ അത് തുറന്നുപറയണം. രാജ്യത്തെ നിയമസംവിധാനവുമായി സഹകരിക്കണം.

വിവരങ്ങൾ നൽകുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തണം. പീഡനപരാതിയുണ്ടായാൽ 90 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. സഭാ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിക്കുന്നവർക്കെതിരേ ശക്തമായ നടപടിയുണ്ടാകും.’

പുരോഹിതർ പ്രതികളായ ലൈംഗികപീഡന ആരോപണങ്ങൾ, കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പകർത്തിയ സംഭവങ്ങൾ, കുറ്റങ്ങൾ മറച്ചുവെക്കൽ എന്നിവ റിപ്പോർട്ടുചെയ്യാൻ ലോകത്തിലെ എല്ലാ രൂപതകളും ജൂൺ 2020-നകം സംവിധാനം രൂപവത്കരിക്കണമെന്നും മാർപാപ്പ നിർദേശിക്കുന്നു.

‘ഭൂതകാലത്തെ കയ്പേറിയ അനുഭവങ്ങളിൽനിന്ന് പഠിക്കാനുള്ള അവസരമാണിത്. ലൈംഗികപീഡനക്കുറ്റങ്ങൾ ദൈവത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. ഇരകൾക്ക് ശാരീരികവും മാനസികവും ദൈവികവുമായ തകർച്ചയുണ്ടാക്കുകയും വിശ്വാസസമൂഹത്തിനെ ദോഷകരമായി ബാധിക്കുകയുംചെയ്യും’ -മാർഗനിർദേശത്തിൽ പറയുന്നു. വിവിധപ്രദേശങ്ങളിൽനിന്നുള്ള പുരോഹിതർ പ്രതികളായ ലൈംഗികപീഡനക്കേസുകളെക്കുറിച്ചും നിർദേശത്തിൽ പരാമർശമുണ്ട്. സഭയ്ക്കുള്ളിൽ നടക്കുന്ന പീഡനങ്ങൾക്കെതിരേ ശക്തമായ നടപടികളെടുക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ മാർപാപ്പ അറിയിച്ചിരുന്നു.

Content Highlights: Pope Francis, sex abuse