വത്തിക്കാൻ സിറ്റി: മ്യാൻമാറിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ രാജ്യത്തെ തെരുവുകളിൽ ചെന്ന് മുട്ടുകുത്തി യാചിക്കാൻപോലും തയ്യാറാണെന്ന് ഫ്രാൻസിസ് മാർപാപ്പ. കോവിഡ് നിയന്ത്രണങ്ങൾമൂലം വത്തിക്കാൻ ലൈബ്രറിയിൽനിന്ന് ഓൺലൈനായി ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മ്യാൻമാറിലെ ജനങ്ങൾക്ക്, പ്രത്യേകിച്ചും യുവാക്കൾക്ക് ജീവൻ നഷ്ടമാവുകയാണ്. രക്തച്ചൊരിച്ചിൽ ഒന്നിനും പരിഹാരമല്ല. സംഭാഷണത്തിലൂടെ പ്രശ്നപരിഹാരമുണ്ടാവട്ടേയെന്നും അദ്ദേഹം പറഞ്ഞു. 180-ലേറെ പ്രതിഷേധക്കാരാണ് മ്യാൻമാറിൽ ഇതുവരെ കൊല്ലപ്പെട്ടത്.

പട്ടാളത്തിനെതിരേ ബുദ്ധമതസന്ന്യാസികൾ

യാങ്കൂൺ: മ്യാൻമാറിൽ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നത് പട്ടാളഭരണകൂടം അവസാനിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും ശക്തമായ ബുദ്ധസന്ന്യാസി അസോസിയേഷൻ ആവശ്യപ്പെട്ടു. നിഷ്കളങ്കരായ ജനങ്ങളെ സൈന്യം കൊന്നൊടുക്കുകയാണെന്ന് ദി സ്റ്റേറ്റ് സംഘ മഹാനായക സമിതി ആരോപിച്ചു. രാജ്യത്തെ രാഷ്ട്രീയചരിത്രത്തിൽ വലിയതോതിൽ സ്വാധീനമുള്ളവരാണ് ബുദ്ധസന്ന്യാസികൾ.