ബാഗ്ദാദ്: ചരിത്രസന്ദർശനത്തിന് തുടക്കമിട്ട് ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച ഇറാഖിലെത്തി. ഇറാഖിലെത്തുന്ന ആദ്യ മാർപാപ്പയാണദ്ദേഹം. രാജ്യത്തെ ആക്രമണസാധ്യതയും കോവിഡ് ഭീഷണിയും മറികടന്നാണ് വെള്ളിയാഴ്ച മാർപാപ്പ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കദീമി അദ്ദേഹത്തെ സ്വീകരിച്ചു. പരമ്പരാഗതവേഷത്തിലെത്തിയ രണ്ടു കുട്ടികൾ അഭിവാദ്യംചെയ്തു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷമുള്ള മാർപാപ്പയുടെ ആദ്യ വിദേശസന്ദർശനമാണിത്.

നൂറുകണക്കിനാളുകളാണ് അദ്ദേഹത്തെ കാണാൻ നിരത്തുവക്കുകളിൽ തടിച്ചുകൂടിയത്. കനത്ത സുരക്ഷയാണ് മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇറാഖിലൊരുക്കിയത്.

പതിനായിരത്തോളം സൈനികരെ സുരക്ഷയ്ക്കായി നിയോഗിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പരിഗണിച്ച് 24 മണിക്കൂർ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. കവചിത വാഹനത്തിലാണ് മാർപാപ്പ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ടത്. രാജ്യത്ത് അംഗബലം കുറഞ്ഞുവരുന്ന ക്രൈസ്തവജനതയെയും യുദ്ധത്തിൽ തകർന്ന ഇറാഖിനെയും ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹം ആഹ്വാനംചെയ്തു.

മാർപാപ്പയുടെ സമാധാന, സഹിഷ്ണുതാ സന്ദേശം സ്വാഗതംചെയ്യാൻ ഇറാഖി ജനത ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നെന്ന് ഇറാഖി വിദേശകാര്യമന്ത്രി ഫവാദ് ഹുസ്സെയ്ൻ പറഞ്ഞു.

രണ്ടു പതിറ്റാണ്ടിനിടെ ഇറാഖിലെ പഴക്കംചെന്ന ക്രൈസ്തവസമൂഹത്തിന്റെ അംഗബലം 14 ലക്ഷത്തിൽനിന്ന് രണ്ടരലക്ഷമായി കുറഞ്ഞിരുന്നു. ഒരുശതമാനം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. 2003-ലെ യു.എസിന്റെ ഇറാഖ് അധിനിവേശത്തിൽ സദ്ദാം ഹുസൈനെ പുറത്താക്കിയതിനു പിന്നാലെയുണ്ടായ ആഭ്യന്തരസംഘർഷത്തിൽനിന്ന് രക്ഷപ്പെട്ടോടിയവരാണ് ഭൂരിഭാഗവും. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിൽ പതിനായിരങ്ങൾക്ക് വീടുവിട്ടിറങ്ങേണ്ടിവന്നു.

‘ഇറാഖിലെ ക്രൈസ്തവരെ ഇനിയും നിരാശരാക്കാനാവില്ല’

‘‘വീണ്ടും യാത്രചെയ്യാനായതിൽ സന്തോഷം. ഇതൊരു പ്രതീകാത്മക യാത്രയാണ്, കൊല്ലങ്ങളോളം രക്തസാക്ഷിത്വംവരിച്ച ഒരു ദേശത്തോടുള്ള കടമയും. ഇറാഖിലെ ക്രൈസ്തവജനതയെ രണ്ടാമതും നിരാശപ്പെടുത്താനാവില്ല.’’

(1999-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇറാഖ് സന്ദർശിക്കാനൊരുങ്ങിയിരുന്നെങ്കിലും അന്നത്തെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനുമായിനടന്ന ചർച്ച പരാജയപ്പെട്ടതോടെ പിന്മാറി)

സന്ദർശനം മൂന്നുദിവസം

മൂന്നുദിവസത്തെ സന്ദർശനത്തിനിടെ ശനിയാഴ്ച അദ്ദേഹം രാജ്യത്തെ മുതിർന്ന ഷിയാ പണ്ഡിതൻ ആയത്തൊള്ള അലി അൽ സിസ്താനിയുമായി ചർച്ചനടത്തും. ഇർബിലിൽ സംഘടിപ്പിക്കുന്ന പ്രാർഥനയിലും പങ്കെടുക്കും.

Content Highlight: pope francis iraq visit