ബാഗ്ദാദ്: ഭീകരരുടെ അരുംകുരുതിയിൽ ജീവൻ പൊലിഞ്ഞുപോയ ഇറാഖിലെ ക്രൈസ്തവർക്കുവേണ്ടി ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച പ്രാർഥിച്ചു. നീനെവയിലെ പുരാതന ക്രിസ്ത്യാനികൾ കഴിയുന്ന ക്വാരാക്വോഷ് നഗരത്തിലുള്ള അമലോദ്ഭവമാതാ സിറിയൻ-കത്തോലിക്കാ പള്ളിയിലായിരുന്നു (അൽ തഹേര ) പള്ളിയിലായിരുന്നു പ്രാർഥന. 2017-ൽ ഐ.എസ്. ആക്രമണത്തിൽ പള്ളിയുടെ മേൽക്കൂരയും ചുവരുകളും തകർന്നിരുന്നു.

ദൈവസ്തുതിചൊല്ലിയും ഒലിവ് ചില്ലകൾ സമ്മാനിച്ചും യേശുവിന്റെ അരമിയ ഭാഷ സംസാരിക്കുന്ന നൂറോളം വിശ്വാസികൾ പരമ്പരാഗത തുന്നൽപ്പണികളോടുകൂടിയ മേൽക്കുപ്പായമണിഞ്ഞ് ക്വരക്വോഷിലേക്ക് ക്രൈസ്തവ മാഹാചാര്യനെ വരവേറ്റു. നീനെവയിലെ ഐ.എസ്. തകർത്ത 14 പള്ളികളിൽ ഏറ്റവും പഴക്കംചെന്ന ഒന്നാണ് അമലോദ്ഭവമാതാപള്ളി. പള്ളിക്കുപുറത്ത് മാർപാപ്പ സമാധാനസൂചകമായി വെള്ളരിപ്രാവിനെ പറത്തി. ക്വാരാക്വോഷിലെ പ്രദേശവാസികൾ സർക്കാരിന്റെ സഹായത്തോടെ വീടുകൾ പുനർനിർമിച്ചു വരുന്നതേയുള്ളൂ.

വടക്കൻ ഇറാഖിലെ യുദ്ധം തകർത്ത പ്രധാന മേഖലകളും മാർപാപ്പ സന്ദർശിച്ചു. മാർപാപ്പയുടെ ചരിത്രയാത്രയിലെ ഏറ്റവും അപകടംപിടിച്ച ഏടായിരുന്നു ഞായറാഴ്ചത്തേത്. ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന ഐ.എസിന്റെ നിർജീവമായിക്കിടക്കുന്ന ബോംബുകൾക്കായി വടക്കൻ ഇറാഖിൽ സൈന്യം ഇപ്പോഴും തിരച്ചിൽ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ കർശനമാക്കിയിരുന്നു. എന്നാൽ, പ്രാർഥനാവേളയിലോ വിശ്വാസികളെ ധൈര്യപ്പെടുത്തുമ്പോഴോ ഭീതിയോ അസ്വസ്ഥതയോ മാർപാപ്പയെ അലട്ടിയില്ല.

ഇറാഖിലെ ഇരകളെക്കണ്ട് ഐക്യദാർഢ്യമറിയിക്കുമെന്ന് 2014-ൽത്തന്നെ മാർപാപ്പ അറിയിച്ചിരുന്നു. സമാധാനതീർഥാടകനായെത്തി ഞായറാഴ്ച ആ വാഗ്ദാനം അദ്ദേഹം സഫലമാക്കി. ഹെലിക്കോപ്റ്ററാണ് ദുരന്തമേഖലകൾ സന്ദർശിക്കാൻ മാർപാപ്പ ഉപയോഗിച്ചത്. ഇർബിലിൽ സംഘടിപ്പിക്കുന്ന പ്രാർഥനയിലും മാർപാപ്പ പങ്കെടുത്തു. ഞായറാഴ്ചയോടെ മൂന്നുദിവസത്തെ മാർപാപ്പയുടെ ഇറാഖ് സന്ദർശനം പൂർത്തിയായി.

ഇറാഖിലെയും പശ്ചിമേഷ്യയിലെയും ക്രൈസ്തവർ ജന്മദേശത്ത്‌ തുടരണം

“ഇറാഖിലെയും പശ്ചിമേഷ്യയിലെയും ക്രിസ്ത്യാനികൾ അവരുടെ ജന്മദേശത്തുതന്നെ തുടരണം. ഇറാഖിൽനിന്നുള്ള ക്രിസ്ത്യാനികളുടെ ‘ദുരന്തപൂർണമായ’ പലായനം വ്യക്തികൾക്കും സമുദായത്തിനുംമാത്രമല്ല, അവർ പിന്നിലവശേഷിപ്പിച്ച സമൂഹത്തിനുകൂടി കണക്കുകൂട്ടലിലേറെ ദോഷമുണ്ടാക്കുന്നു (പലായനവും യുദ്ധവുംമൂലം ഇറാഖിലെ ക്രൈസ്തവരുടെ എണ്ണം 15 ലക്ഷത്തിൽനിന്ന് നാലുലക്ഷമായി കുറഞ്ഞു).

സ്വപ്നംകാണുന്നത് അവസാനിപ്പിക്കരുത്. ഒന്നുംവിട്ടുകൊടുക്കരുത്. പ്രതീക്ഷ കൈവിടരുത്. എല്ലാം വീണ്ടും നിർമിച്ചുതുടങ്ങേണ്ട സമയമാണിത്.

മൊസൂളിൽ ക്രൈസ്തവ-ഇസ്‌ലാം നേതാക്കൾ മാർപാപ്പയെ സ്വീകരിച്ചു

മൊസൂൾ: ഇറാഖിൽ ഏറ്റവുമധികം നാശം ഏറ്റുവാങ്ങിയ മൊസൂൾ സന്ദർശിക്കാനെത്തിയ മാർപാപ്പയെ ഇസ്‌ലാമിക-ക്രൈസ്തവ നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്. ബോംബാക്രമണങ്ങളിൽ തകർന്ന പള്ളികളുടെയും കെട്ടിടങ്ങളുടെയും നടുവിലൊരുക്കിയ സ്റ്റേജിൽ നിന്നുകൊണ്ട് അദ്ദേഹം സമാധാനസന്ദേശം കൈമാറി. ഐ.എസ്. ഭീഷണിയെത്തുടർന്ന് രാജ്യംവിട്ടവർ തിരിച്ചെത്തണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. ചരിത്രപ്രാധാന്യമുള്ള ഓൾഡ് സിറ്റി സന്ദർശിക്കവേ, പ്രതീക്ഷ കൈവിടരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മൊസൂളിൽ 70-ഓളം ക്രിസ്ത്യൻ കുടുംബങ്ങളാണ് ഇപ്പോൾ അവശേഷിക്കുന്നത്.

Content Highlights: Pope Francis Iraq