വത്തിക്കാൻ: അടുത്ത വർഷം മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു മാർപാപ്പ ഇറാഖ് സന്ദർശിക്കുക. മാർച്ച് അഞ്ചു മുതൽ എട്ടുവരെ നടക്കുന്ന സന്ദർശനത്തിൽ ബാഗ്ദാദ്, ഉർ, എർബിൾ നഗരങ്ങൾ ഉൾപ്പെടുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു.

ഭീകരസംഘടനയായ ഐ.എസിന്റെ ശക്തികേന്ദ്രമായിരുന്ന മൊസൂൾ നഗരവും മാർപാപ്പ സന്ദർശിക്കും. സന്ദർശനത്തെ ഇറാഖ് വിദേശമന്ത്രാലയം സ്വാഗതം ചെയ്തു. ഇറാഖിനും മേഖലയ്ക്കും സമാധാനത്തിന്റെ സന്ദേശം നൽകുന്നതാണ് തീരുമാനമെന്ന് മന്ത്രാലയം പ്രതികരിച്ചു.

ലോകവ്യാപകമായുണ്ടായ ആരോഗ്യ അടിയന്തരാവസ്ഥയുടെ ഭാഗമായാണ് സന്ദർശനമെന്ന് വത്തിക്കാൻ വ്യക്തമാക്കിയെങ്കിലും ഇറാഖ് സന്ദർശിക്കാനുള്ള ആഗ്രഹം നേരത്തേ മാർപാപ്പ പങ്കുവെച്ചിരുന്നു. 2020-ലെ യാത്രപ്പട്ടികയിൽ ഇറാഖും ഉൾപ്പെടുന്നതായി മാർപാപ്പ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിദേശയാത്രകളും റദ്ദാക്കാൻ ജൂണിൽ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു.

മുൻഗാമിയായ സെയ്‌ന്റ് ജോൺ പോൾ രണ്ടാമന്റെ സ്വപ്നത്തിനാണ് സന്ദർശനത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ സാക്ഷാത്കരണം നൽകുന്നത്. സെയ്‌ന്റ് ജോൺ പോൾ രണ്ടാമൻ 1999 അവസാനത്തോടെ ഇറാഖിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈൻ ഇത് തടയുകയായിരുന്നുവെന്ന് വത്തിക്കാൻ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 2019 ജൂലായിൽ ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ് മാർപാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു.

പത്തു ലക്ഷത്തിലേറെയുണ്ടായിരുന്ന ഇറാഖിലെ ക്രിസ്ത്യൻ ജനസംഖ്യ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വ്യാപനം ഉൾപ്പെടെയുള്ള കാരണങ്ങളെതുടർന്ന് ഗണ്യമായി കുറഞ്ഞിരുന്നു.

Content Highlights: Pope Francis Iraq