ടോക്യോ: ആണവനിരായുധീകരണത്തിന് ആഹ്വാനംചെയ്ത് ഫ്രാൻസിസ് മാർപാപ്പ ജപ്പാനിൽ. ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് ശനിയാഴ്ച മാർപാപ്പയുടെ നാലുദിവസത്തെ ജപ്പാൻ സന്ദർശനം ആരംഭിച്ചത്.

രണ്ടാംലോകയുദ്ധത്തിനിടെ 1945 ഓഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിൽ 1,40,000 പേർ മരിച്ച ഹിരോഷിമയും 74,000 പേർ മരിച്ച നാഗസാക്കിയും മാർപാപ്പ സന്ദർശിക്കും.

തായ്‌ലാൻഡ് സന്ദർശനം പൂർത്തിയാക്കി ജപ്പാനിലിറങ്ങിയ ഉടൻ ലോകമനസ്സാക്ഷിയെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ ദുരന്തത്തിലേക്കാണ് മാർപാപ്പ കണ്ണോടിച്ചത്. ‘‘ഉടൻതന്നെ നാഗസാക്കിയിലും ഹിരോഷിമയിലും പോകുന്നുണ്ട്. അവിടെ മരിച്ചവർക്കുവേണ്ടി പ്രാർഥിക്കും. ജപ്പാനുവേണ്ടി പ്രാർഥിക്കാനുള്ള ദീർഘനാളത്തെ ആഗ്രഹമാണ് ഇപ്പോൾ സഫലമാവുന്നത്’’ -മാർപാപ്പ പറഞ്ഞു.

നവംബർ 19-നാണ് മാർപാപ്പ ദ്വിരാഷ്ട്ര ഏഷ്യൻ സന്ദർശനം ആരംഭിച്ചത്. തായ്‌ലാൻഡിൽ മതസൗഹാർദത്തെക്കുറിച്ചുള്ള സന്ദേശമാണ് അദ്ദേഹം നൽകിയത്. 12.6 കോടി ജനങ്ങളുള്ള ജപ്പാനിൽ 4,40,000 കത്തോലിക്കരാണുള്ളത്. മതസൗഹാർദത്തിൽ ഊന്നിയുള്ള സന്ദേശം തന്നെയാവും മാർപാപ്പ ജപ്പാനിലും നൽകുകയെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു. ജപ്പാനിൽ കത്തോലിക്കാവിഭാഗക്കാർ ന്യൂനപക്ഷമാണെങ്കിലും സുവിശേഷപ്രവർത്തനങ്ങൾക്ക് മടികാണിക്കരുതെന്ന് അദ്ദേഹം ജപ്പാനിലെ സഭാബിഷപ്പുമാരോട് നിർദേശിച്ചു.

തിങ്കളാഴ്ചയാണ് അദ്ദേഹം ജപ്പാൻ ചക്രവർത്തിയെ സന്ദർശിക്കുക. ഭൂകമ്പം, സുനാമി, ആണവച്ചോർച്ച തുടങ്ങിയ ദുരന്തങ്ങൾക്ക് ഇരയായവരുടെ ബന്ധുക്കളെയും കാണും. തായ്‌ലാൻഡിൽ മൂന്നുദിവസം തങ്ങിയ മാർപാപ്പ തായ് രാജാവ് വജിരലോംഗോൺ, ബുദ്ധസന്ന്യാസി ശ്രേഷ്ഠർ എന്നിവരെ സന്ദർശിച്ചിരുന്നു.

Content Highlights: Pope Francis in Japan