വത്തിക്കാൻ: ഈവർഷത്തെ ഈസ്റ്റർദിന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച നേതൃത്വം നൽകുമ്പോൾ ചരിത്രത്തിലാദ്യമായി വത്തിക്കാനിലെ ദേവാലയത്തിന്റെ വാതിലുകൾ അടഞ്ഞുകിടക്കും. കൊറോണ വൈറസ് ബാധിച്ചുള്ള മരണം ലക്ഷത്തോടടുക്കുമ്പോൾ മതാചാരങ്ങളും ചടങ്ങുകളുമൊക്കെ മാറുന്ന കാഴ്ചയാണ് ലോകമെങ്ങുമുള്ളത്.

സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിലൊത്തുകൂടുന്ന വിശ്വാസികൾക്കുവേണ്ടിയുള്ള മാർപാപ്പയുടെ പതിവുസന്ദേശങ്ങൾ ഓൺലൈൻപ്രാർഥനകളായി ഒതുങ്ങിക്കഴിഞ്ഞു. കൊറോണവ്യാപനം ഗുരുതരമായതോടെ വത്തിക്കാൻ ഒരുമാസക്കാലയളവിലേക്ക് അടച്ചിട്ടിരിക്കയാണ്.

സന്ദർശകരും വിശ്വാസികളുമൊന്നുമില്ലാതെ തന്റെ ഔദ്യോഗികവസതിയിൽ ഒതുങ്ങിക്കഴിയുന്ന മാർപാപ്പ, കൂട്ടിലടയ്ക്കപ്പെട്ട അവസ്ഥയാണ് തനിക്കുമുള്ളതെന്ന് മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഭാവനാത്മകമായ പ്രവൃത്തികളിലൂടെ അടച്ചിടൽക്കാലത്തെ ആനന്ദകരമാക്കാനാണ് അദ്ദേഹം ലോകത്തിനു നൽകിയ സന്ദേശം.

ന്യൂയോർക്കിലടക്കം ദേവാലയങ്ങൾ താത്കാലിക ആശുപത്രികളാക്കിമാറ്റിയാണ് കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങൾ തുടരുന്നത്. ലോകമെങ്ങും ഈസ്റ്റർദിന പ്രാർഥനകളും ചടങ്ങുകളുമുൾപ്പെടെ ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ഇത്തവണ നടത്തുന്നത്.

Content Highlight: Pope Francis guides locked-down world through virtual Easter