റോം: കോവിഡ് സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിയെ മറികടക്കാൻ കോപ്പർനിക്കൻ വിപ്ലവത്തിന് (സൂര്യകേന്ദ്രീകൃത പ്രപഞ്ചമാതൃക) ആഹ്വാനംചെയ്ത് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ ലാഭകേന്ദ്രീകൃതമായ വ്യവസ്ഥയിൽനിന്നുമാറി ജനങ്ങളെയും ഭൂമിയെയും വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു ആഗോള സമ്പദ്‌വ്യവസ്ഥ പുനർ‌വിഭാവനംചെയ്യാൻ ഈയവസരം ഉപയോഗിക്കണമെന്ന് അദ്ദേഹം രാജ്യങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് വാക്സിനുകൾ ദരിദ്രരാജ്യങ്ങൾക്ക്‌ ലഭ്യമാക്കി അത്തരമൊരു വ്യവസ്ഥയ്ക്ക് തുടക്കംകുറിക്കാൻ ലോകത്തിനാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ആണവായുധങ്ങൾ നിരോധിക്കുന്ന യു.എൻ. ഉടമ്പടിയെയും യു.എസ്.-റഷ്യ സ്റ്റാർട്ട് ഉടമ്പടി വിപുലീകരിച്ചതിനെയും പ്രശംസിച്ച അദ്ദേഹം, മ്യാൻമാർ പട്ടാള അട്ടിമറിയെ അപലപിച്ചു.

Content Highlights: Pope Francis Economy