വത്തിക്കാൻ: ലോകത്തെ അനീതി അവസാനിപ്പിക്കാൻ കഠിനവും സ്വാർഥത നിറഞ്ഞതുമായ ഹൃദയങ്ങൾ ആർദ്രമാകണമെന്ന് ക്രിസ്മസ് ദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ. സംഘർഷം, പ്രകൃതിദുരന്തം, രോഗം തുടങ്ങിയ കാരണങ്ങളാൽ ദുരിതമനുഭവിക്കുന്ന ലോകമെങ്ങുമുള്ള മനുഷ്യർക്കായി പ്രാർഥിക്കുന്നതായും മാർപാപ്പ പറഞ്ഞു.

സിറിയ, ലെബനൻ, ഇറാഖ്, യെമെൻ, സുഡാൻ, കോംഗോ, ബർക്കിനോ ഫാസോ, നൈജർ, നൈജീരിയ, വെനസ്വേല തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വേദനയനുഭവിക്കുന്നവർക്ക് ആശ്വാസം ലഭിക്കട്ടെയെന്നും പോപ്പ് ആശംസിച്ചു.

മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ച് സ്വന്തംനാടുകളിൽനിന്ന് പലായനം ചെയ്യേണ്ടിവരുന്നവർക്ക് തുടർന്നും അനീതിതന്നെ നേരിടേണ്ടിവരുന്നതായി മാർപാപ്പ പറഞ്ഞു. ‘‘മനുഷ്യത്വരഹിതമായ തടവറകളിൽ അവർക്ക് അപമാനവും അടിമത്തവും പീഡനവും നേരിടേണ്ടിവരുന്നു. അപകടകരമായ കടലും മരുഭൂമിയും താണ്ടുന്നതിനിടെ പലർക്കും ജീവൻതന്നെ നഷ്ടമാവുന്നു’’ -പോപ്പ് പറഞ്ഞു.

ദക്ഷിണ സുഡാനിലെ രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ടുള്ള അസാധാരണസന്ദേശവും ഇത്തവണ മാർപാപ്പ കൈമാറി. നേരത്തേ ഒപ്പുവെച്ച അനുരഞ്ജനക്കരാറനുസരിച്ചുള്ള സഖ്യസർക്കാർ രൂപവത്കരിക്കാൻ വിമതനേതാക്കൾ സഹകരിക്കണമെന്നാണ് അദ്ദേഹം അഭ്യർഥിച്ചത്. അടുത്തവർഷമാദ്യംതന്നെ സഖ്യസർക്കാർ നിലവിൽവരണമെന്ന നിർദേശവും പതിവ്‌ ക്രിസ്മസ് സന്ദേശത്തിനുപുറമേ പ്രത്യേകമായിറക്കിയ കുറിപ്പിൽ മാർപാപ്പ ആവശ്യപ്പെട്ടു.

Content Highlights: Pope Francis Christmas