ബ്ലാജ്: റൊമാനിയയിലെ കമ്യൂണിസ്റ്റ് ഭരണകാലത്ത് കൊടിയപീഡനത്തിനിരയായ ഏഴ് കത്തോലിക്ക ബിഷപ്പുമാരെ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. മൂന്നുദിവസം നീളുന്ന റൊമാനിയൻ സന്ദർശനത്തിനിടെയാണ് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള നടപടി മാർപാപ്പയുടെ ഭാഗത്തുനിന്നുണ്ടായത്.

1948 മുതൽ 1989 വരെയുള്ള കമ്യൂണിസ്റ്റ് ഭരണകാലത്ത് ഗ്രീക്കോ-കത്തോലിക്ക പള്ളികൾക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തിയിരുന്നു. സമഗ്രാധിപത്യത്തിന്റെയും ബലപ്രയോഗത്തിന്റെയും ആശയസംഹിതയ്ക്കെതിരേ പോരാടി ജീവൻ ബലിയർപ്പിച്ചവരാണ് ഈ ബിഷപ്പുമാരെന്നും വിശ്വാസത്തിനായി രക്തസാക്ഷികളായ ഈ ഇടയൻമാർ സ്വാതന്ത്ര്യം, കരുണ എന്നീ രണ്ടുവാക്കുകളിലേക്ക്‌ സംഗ്രഹിക്കാവുന്ന മഹത്തായ പാരമ്പര്യം റൊമാനിയൻ ജനതയ്ക്ക്‌ സംഭാവനചെയ്തതായും മാർപാപ്പ പറഞ്ഞു. ബ്ലാജ് പട്ടണത്തിൽ ‘സ്വാതന്ത്ര്യത്തിന്റെ വിളഭൂമി’ എന്നുപേരിട്ട വേദിയിൽ 60,000-ത്തോളം വിശ്വാസികളെ സാക്ഷിനിർത്തിയായിരുന്നു മാർപാപ്പയുടെ പ്രഖ്യാപനം.

കമ്യൂണിസ്റ്റ് ഭരണകാലത്ത് റൊമാനിയയിലെ ജയിലിലും ഓർത്തഡോക്സ് പള്ളികളിലുമായി തടവിലായ ഈ ഏഴു കത്തോലിക്ക ബിഷപ്പുമാരിൽ പലരും കൊടുംപീഡനത്തെത്തുടർന്ന് കൊല്ലപ്പെടുകയായിരുന്നു. ഇതിൽ നാലുപേരുടെ കല്ലറ എവിടെയാണെന്നതുപോലും ഇപ്പോഴും അജ്ഞാതമാണ്.

ഓർത്തഡോക്സ് സഭയ്ക്ക് സ്വാധീനമുള്ള റൊമാനിയയിൽ രണ്ടാംലോകയുദ്ധത്തിനുശേഷമാണ് കമ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിൽവന്നത്. 15 ലക്ഷത്തോളംവരുന്ന കത്തോലിക്ക വിശ്വാസികൾക്ക് സർക്കാരിൽനിന്നുള്ള പീഡനവും സമ്മർദവും കാരണം സ്വന്തം സഭയെ കൈയൊഴിയേണ്ടിവന്നു. രാജ്യത്തെ രണ്ടുകോടിയോളംവരുന്ന ജനസംഖ്യയിൽ ഇപ്പോൾ രണ്ടുലക്ഷം മാത്രമാണ് കത്തോലിക്കാ വിശ്വാസികൾ. ഭിന്നതയുടെ പഴയകാലം മറന്ന് ഐക്യത്തോടെ പ്രവർത്തിക്കാനുള്ള ആഹ്വാനവുമായാണ് ഫ്രാൻസിസ് മാർപാപ്പ മൂന്നുദിവസം രാജ്യത്ത് പര്യടനം നടത്തിയത്.

content highlights: Pope Francis beatifies seven bishop-martyrs