നാഗസാക്കി: നാഗസാക്കിയിലും ഹിരോഷിമയിലുമുണ്ടായ ആണവാക്രമണത്തിന്റെ ഇരകളനുഭവിച്ചത് പറഞ്ഞറിയിക്കാനാകാത്ത ഭീകരാവസ്ഥയെന്ന് ഫ്രാൻസിസ് മാർപാപ്പ. 1945 ഓഗസ്റ്റിൽ ആണവാക്രമണം തകർത്ത ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും നടത്തിയ സന്ദർശനത്തിലാണ് മാർപാപ്പയുടെ പ്രതികരണം. ഹിരോഷിമയിലെ പീസ് മെമ്മോറിയലിൽ ആണവാക്രമണത്തെ അതിജീവിച്ചവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. നാഗസാക്കിയിൽ 74,000 പേരും ഹിരോഷിമയിൽ 1,40,000 പേരുമാണ് ആണവാക്രമണത്തിൽ കൊല്ലപ്പെട്ടത്.

“മനുഷ്യർക്ക് മറ്റൊരാൾക്കുമേൽ എത്രവലിയ വേദനയും ഭീതിയും അടിച്ചേൽപ്പിക്കാനാകുമെന്ന് ഈ സ്ഥലം നമ്മെ ഓർമിപ്പിക്കുന്നു. സകലതും നാശത്തിന്റെയും മരണത്തിന്റെയും തമോഗർത്തം വിഴുങ്ങിയത് ഞൊടിയിടയ്ക്കുള്ളിലായിരുന്നു. നിശ്ശബ്ദതയുടെ ആ പടുകുഴിയിൽനിന്ന്‌ ഇരയായവരുടെ കരച്ചിൽ നമുക്കിപ്പോഴും ഉയർന്നുകേൾക്കാം. ആഴത്തിലുള്ള കുറ്റബോധത്തോടെ, വീണ്ടും പറയട്ടെ, യുദ്ധമുന്നണികളിലെ അണ്വായുധത്തിന്റെ ഉപയോഗം മനുഷ്യരാശിയോടും ഭാവിലോകത്തോടും ചെയ്യുന്ന അപരാധംതന്നെയാണ്. വിനാശകാരികളായ അണ്വായുധങ്ങളും മറ്റ് ആയുധങ്ങളും കൈവശംവെക്കുന്നതല്ല സമാധാനംപുലർത്താനുള്ള മാർഗം. ഭയവും അവിശ്വാസവും നയിക്കുന്ന, തെറ്റായ സുരക്ഷാസങ്കല്പത്തെ ന്യായീകരിക്കുന്ന വിപരീത ആശയങ്ങളിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്” -മാർപാപ്പ പറഞ്ഞു.

മുൻ മാർപാപ്പമാരിൽനിന്ന് ഭിന്നമായ അഭിപ്രായമാണ് ഫ്രാൻസിസ് മാർപാപ്പ ജപ്പാനിലുയർത്തിയത്. 1982-ൽ ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ ആണവപ്രതിരോധമെന്നത് അനിവാര്യമായ ആപത്താണെന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അഭിപ്രായപ്പെട്ടിരുന്നു.

തായ്‍ലാൻഡ് സന്ദർശനം പൂർത്തിയാക്കിയതിനുശേഷമാണ് മാർപാപ്പ ജപ്പാനിലെത്തിയത്. 12.6 കോടി ജനങ്ങളുള്ള ജപ്പാനിൽ 4,40,000 കത്തോലിക്കരാണുള്ളത്. തിങ്കളാഴ്ച അദ്ദേഹം ജപ്പാൻ ചക്രവർത്തിയെ കാണും.

Content Highlights: pope francis at nagasaki, condemns nuclear weapons