റോം: ആമസോൺതടത്തോട് നീതിയും ആദരവും കാണിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു. എന്നാൽ, ആമസോണിൽ വിവാഹിതരായ പുരോഹിതരെ നിയോഗിക്കുക എന്ന വിവാദ ശുപാർശയെക്കുറിച്ച് അദ്ദേഹം മൗനംപാലിച്ചു.

ബുധനാഴ്ചയിറക്കിയ പ്രസ്താവനയിലാണ് ആമസോണിനെ അന്യായമായി ചൂഷണംചെയ്യുന്നതിൽ രോഷംകൊള്ളണമെന്ന് വിശ്വാസികളോട് അദ്ദേഹം ആഹ്വാനംചെയ്തത്.

ഇവിടത്തെ ഉൾപ്രദേശങ്ങളിൽ സേവനംചെയ്യാൻ വിവാഹിതരായ പുരോഹിതരെ നിയോഗിക്കുകയെന്ന ആശയം ആമസോണിലെ ബിഷപ്പുമാരുടെ ഒക്ടോബറിലെ സിനഡ് ശുപാർശചെയ്തിരുന്നു. നന്മനിറഞ്ഞവരെന്ന് തെളിയിച്ചിട്ടുള്ള വിവാഹിതരായ പുരുഷന്മാരെ ഇവിടങ്ങളിൽ നിയോഗിക്കുകയെന്ന ശുപാർശയോട് സഭയിലെ പാരമ്പര്യവാദികൾ മുഖംതിരിച്ചിരുന്നു.

വിവാഹിതരെ പുരോഹിതരാക്കുന്നതിനുപകരം സ്ത്രീകളും മിഷനറിമാരും ഇത്തരം നാടുകളിൽ കൂടുതൽ പ്രാധാന്യമുള്ള പദവികൾ വഹിക്കണമെന്ന് പാപ്പ പറഞ്ഞു. ആമസോണിലെ സംസ്കാരവുമായി ക്രിയാത്മകമായി ഇടപെടാൻകഴിയുംവിധം പുരോഹിതർക്ക്‌ പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Pope Francis Amazon