വത്തിക്കാൻ സിറ്റി: ചർച്ചയ്ക്കായെത്തിയ തെക്കൻ സുഡാനിലെ രാഷ്ട്രീയനേതാക്കളുടെ കാലിൽവീണ് ഫ്രാൻസിസ് മാർപാപ്പയുടെ ഉള്ളംതൊടുന്ന സമാധാനാഭ്യർഥന. ‘‘ഒരു സഹോദരൻ എന്ന നിലയിലാണ് നിങ്ങളോട് സമാധാനം നിലനിർത്തണമെന്ന് ഞാൻ അഭ്യർഥിക്കുന്നത്. എന്റെ ഹൃദയംകൊണ്ടാണ് ഞാൻ സംസാരിക്കുന്നത്. നമുക്ക് മുന്നോട്ടുപോകാം’’ -അവിചാരിതമായി കാലിൽവീണ് പാദം ചുംബിച്ച് മാർപാപ്പ പറഞ്ഞപ്പോൾ നേതാക്കളും ചുറ്റുംകൂടിയവരും സ്തബ്ധരായി. കടുത്ത മുട്ടുവേദനയുള്ള 82-കാരനായ മാർപാപ്പ ഏറെ ബുദ്ധിമുട്ടിയാണ് നേതാക്കൾക്കുമുന്നിൽ മുട്ടുകുത്തിയത്. സഹായികളാണ് അദ്ദേഹത്തെ തിരികെ എഴുന്നേൽക്കാൻ സഹായിച്ചത്.

ആഭ്യന്തരസംഘർഷത്തിന്റെ പിടിയിലായ തെക്കൻ സുഡാനിൽ വത്തിക്കാന്റെ മുൻകൈയിൽ സമാധാനശ്രമങ്ങൾ നടക്കുകയാണ്. പരസ്പരം ഏറ്റുമുട്ടിയിരുന്ന പ്രസിഡന്റ് സൽവ കീർ, വിമതനേതാവ് റെയ്ക് മാച്ചർ എന്നിവരും മൂന്ന്‌ വൈസ് പ്രസിഡന്റുമാരുമാണ് വത്തിക്കാനിൽ ചർച്ചയ്ക്കെത്തിയത്.

സുഡാനിൽനിന്ന് 2011-ൽ സ്വാതന്ത്ര്യംനേടി സ്വതന്ത്ര്യരാജ്യമായ തെക്കൻ സുഡാനിൽ രണ്ടുവർഷങ്ങൾക്കുശേഷം അധികാരത്തർക്കവും ആഭ്യന്തരകലാപവും ആരംഭിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവിഭാഗവും സമാധാനക്കരാറിൽ ഒപ്പുവെച്ചത്.