വത്തിക്കാൻ സിറ്റി: ലൈംഗികപീഡനത്തിനിരയായ കുഞ്ഞുങ്ങളുടെ നീതിക്കായുള്ള നിലവിളി കേൾക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സഭയ്ക്കുള്ളിലെ ലൈംഗികാതിക്രമങ്ങൾ ഇല്ലായ്മ ചെയ്യാനായി വത്തിക്കാനിൽ വിളിച്ചുചേർത്ത ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച ആരംഭിച്ച സമ്മേളനത്തിൽ 190 രാജ്യങ്ങളിലെ സഭാനേതാക്കൾ പങ്കെടുക്കുന്നുണ്ട്.

കേവലം അപലപിക്കുന്നതിനും കുറ്റപ്പെടുത്തലിനും അപ്പുറം ശക്തവും കൃത്യവുമായ നടപടികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. എന്തുവിലയുംകൊടുത്ത്‌ കുഞ്ഞുങ്ങളെയും സഭയിൽ വിശ്വാസമർപ്പിച്ച കുഞ്ഞാടുകളെയും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൈംഗികാതിക്രമങ്ങൾ ഇല്ലാതാക്കാനും ഇതുസംബന്ധിച്ച പരാതികൾ കൈകാര്യംചെയ്യാനുമായി ഇരുപത്തിയൊന്നിന നിർദേശം മാർപാപ്പ സമ്മേളനത്തിൽ അവതരിപ്പിച്ചു. ചിലി, യു.എസ്. തുടങ്ങിയ രാജ്യങ്ങളിലെ പുരോഹിതരുടെ ബാലലൈംഗികപീഡനങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ സഭാനേതൃത്വത്തെ സമ്മർദത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാർപാപ്പ ഈ വിഷയം ചർച്ചചെയ്യാൻ മാത്രമായി നാലുദിവസത്തെ സമ്മേളനം വിളിച്ചുചേർത്തത്.

Content Highlights: Pope Francis, Rome