അബുദാബി: ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച അബുദാബിയിലെത്തും. ഉച്ചയ്ക്ക് ഒരുമണിക്ക് റോമിൽനിന്ന് പുറപ്പെടുന്ന മാർപാപ്പ പ്രാദേശികസമയം രാത്രി പത്തു മണിക്ക് അബുദാബി അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ ഇറങ്ങും. ഭരണാധികാരികൾ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിക്കും.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം എത്തുന്നത്. ലോകം ആകാംഷയോടെ ഉറ്റുനോക്കുന്ന സന്ദർശനം മൂന്നുദിവസം നീളും. അറബ്‌ ലോകത്ത് ആദ്യമായി ഒരു മാർപാപ്പ എത്തുന്നു എന്നതിനപ്പുറം നിരവധി പ്രത്യേകതകൾ അവകാശപ്പെടാനുണ്ട് ഈ സന്ദർശനത്തിന്.

രാജ്യം സഹിഷ്ണുതാവർഷം കൊണ്ടാടുന്ന വേളയിൽ വിശ്വമാനവികതയും സാഹോദര്യവും ലോകത്തിന് പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ലോക മതസമ്മേളനത്തിൽ മാർപാപ്പ പങ്കെടുക്കും. തിങ്കളാഴ്ച മറീനയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലിൽ നടക്കുന്ന സമ്മേളനത്തിൽ അദ്ദേഹം ലോക സമാധാനത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും സംസാരിക്കും. മുതിർന്ന ഇസ്‌ലാം മതപണ്ഡിതനും നേതാവുമായ മുസ്‌ലിം കൗൺസിൽ ഫോർ എൽഡേഴ്‌സ് ചെയർമാൻ അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ ത്വയ്യിബും ചടങ്ങിൽ പങ്കെടുക്കും.

ചൊവ്വാഴ്ച അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിക്കും വിശുദ്ധ കുർബാനയ്ക്കും 1.20 ലക്ഷം ആളുകളാണ് മാർപാപ്പയ്ക്കൊപ്പം പങ്കെടുക്കുക. യു.എ.ഇ.യിലെ ക്രൈസ്തവ വിശ്വാസികൾക്ക് പുറമെ, വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരും പരിപാടിയിൽ പങ്കെടുക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഇതിനായി യു.എ.ഇ.യിൽ എത്തിയിട്ടുണ്ട്. പത്ത് ലക്ഷത്തിലധികം വരുന്ന വിവിധ രാജ്യക്കാരായ കത്തോലിക്കാ സഭാ വിശ്വാസികളുണ്ട് യു.എ.ഇ.യിൽ. 76 ക്രൈസ്തവ ദേവാലയങ്ങളും യു.എ.ഇ.യിലുണ്ട്. ജീവിതത്തിൽ ഒരിക്കൽമാത്രം സംഭവിക്കുന്ന ഭാഗ്യമായാണ് വിശ്വാസികൾ മാർപാപ്പയുടെ സന്ദർശനത്തെ കാണുന്നത്.

Content Highlights: Pope Francis, UAE