വാഷിങ്ടണ്‍: ഇന്ത്യയുടെ വായു മലിനമെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് സംവാദത്തിനിടെ ആക്ഷേപിച്ചത്. എന്നാല്‍, അമേരിക്കയിലെ സ്ഥിതി അത്ര കേമമല്ല. ആഗോള താപനമെന്ന ശാസ്ത്രസത്യത്തെ നിരാകരിക്കുന്ന ട്രംപിന്റെ നേതൃത്വത്തില്‍ കാലാവസ്ഥാ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന നടപടികളാണ് അമേരിക്കയിലുണ്ടായത്.

അമേരിക്കയുടേതിനെക്കാള്‍ മലിനമാണ് ഇന്ത്യയുടെ വായു. പക്ഷേ, കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍, അതിനിടയാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയെക്കാള്‍ മുമ്പിലാണ് അമേരിക്ക. ചൈനയാകട്ടെ ഒന്നാമതും.

കാലാവസ്ഥാ വ്യതിയാനം 'ചെലവേറിയ തട്ടിപ്പാ'ണെന്നു പറഞ്ഞായിരുന്നു 2016-ല്‍ ട്രംപിന്റെ പ്രചാരണം. അധികാരത്തിലേറി ആറാംമാസം പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്ന് അദ്ദേഹം പിന്മാറി. ആഗോളതാപനം രണ്ടു ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാന്‍ ഏതാണ്ട് ഇരുനൂറോളം രാജ്യങ്ങളെ പ്രതിജ്ഞാബദ്ധമാക്കുന്ന ഉടമ്പടിയാണത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന്-നവംബര്‍ നാലിന്-അമേരിക്കയുടെ പിന്മാറ്റം ഔദ്യോഗികമായി നടപ്പില്‍വരും. പിന്മാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെ കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഉത്പാദനച്ചെലവ് ട്രംപ് കുറച്ചു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കൂട്ടുന്ന നടപടിയായിരുന്നു ഇത്. ഓരോ രാജ്യവും പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ തോത് കണക്കുകൂട്ടി പാരീസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐ.ഇ.എ.) 2018ല്‍ തയ്യാറാക്കിയ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ചൈനയാണ്. രണ്ടാമത് യു.എസും മൂന്നാമത് ഇന്ത്യയും.

അന്തരീക്ഷ മലിനീകരണംമൂലം 2019-ല്‍ 48,000 അമേരിക്കക്കാരാണ് അകാല ചരമമടഞ്ഞത്. ആസ്തമ, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. ഇക്കൊല്ലം മാത്രം 8685 കാട്ടുതീയാണ് അമേരിക്കയിലുണ്ടായത്. 41,29,924 ഏക്കര്‍ കത്തി. ഇത് അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം കുറയ്ക്കുയും ചെയ്തു.

ഹെല്‍ത്ത് ഇഫക്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 'സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ 2020' റിപ്പോര്‍ട്ടനുസരിച്ച് ലോകത്ത് ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യ. വായു മലിനമാക്കുന്ന കാര്‍ബണ്‍ കണികകളുള്‍പ്പെടെയുള്ള പൊടിപടലങ്ങളുടെ (പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5) അളവില്‍ ബംഗ്ലാദേശ്, പാകിസ്താന്‍, മംഗോളിയ, അഫ്ഗാനിസ്താന്‍ എന്നിവ മാത്രമേ ഇന്ത്യക്കു മുന്നിലുള്ളൂ.

content highlights: pollution and america, trump's comment on india