ന്യൂഡൽഹി/വാഷിങ്ടൺ: ജനാധിപത്യമൂല്യങ്ങളുടെയും സമഗ്രമായ ഇൻഡോ-പസഫിക് മേഖല എന്ന സങ്കല്പത്തിന്റെയും അടിസ്ഥാനത്തിലാണ് ക്വാഡ് ഉച്ചകോടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗിന്റെ (ക്വാഡ് ഗ്രൂപ്പ്) വിർച്വൽ ഉച്ചകോടിയിൽ വെള്ളിയാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധം, മരുന്ന് നിർമാണം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡ് സുഗ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു.

പുതിയ ആഗോള സാഹചര്യത്തിൽ ക്വാഡ് കൂട്ടായ്മയെ ആഗോള ശക്തിയാക്കണമെന്ന് പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ അഭിപ്രായപ്പെട്ടു. ഈ കാഴ്ചപ്പാട് ഇന്ത്യയുടെ വസുധൈവ കുടുംബകം എന്ന സങ്കല്പത്തിൽനിന്ന് രൂപപ്പെട്ടതാണ്. കോവിഡ് വ്യാപനം, കോവിഡ് പ്രതിരോധം, മരുന്ന് നിർമാണം, കാലാവസ്ഥാ വ്യതിയാനം, ഉയർന്നുവരുന്ന സാങ്കേതികവിദ്യ തുടങ്ങിയവ ചർച്ച ചെയ്യപ്പെടണമെന്നും മോദി പറഞ്ഞു.

ഇന്തോ-പസഫിക് മേഖലയിൽ സുരക്ഷിതവും സമതുലിതവും താങ്ങാനാവുന്ന നിരക്കിലുള്ളതുമായ കോവിഡ് വാക്സിനുകൾ ഉറപ്പ് വരുത്തുന്നതിനും കോവിഡ്-19 വ്യാപനത്തെ ചെറുക്കാനായി നടന്നുവരുന്ന ഉദ്യമങ്ങളിലെ സഹകരണത്തിനുള്ള അവസരങ്ങളും നേതാക്കൾ ചർച്ചചെയ്തു.

ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയ ആണ് ക്വാഡ് ഗ്രൂപ്പ് എന്നറിയപ്പെടുന്നത്. സ്വതന്ത്രവും തുറന്നതും സമന്വയിപ്പിച്ചതുമായ ഇന്തോ-പസഫിക് മേഖല നിലനിർത്തുന്നതിനുള്ള സഹകരണത്തിനായാണ് ക്വാഡ് ഗ്രൂപ്പ് എന്ന അനൗപചാരിക കൂട്ടായ്മ സൃഷ്ടിച്ചിരിക്കുന്നത്.

രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മറ്റൊരു രാജ്യത്തെ ലക്ഷ്യമിട്ടാകരുത് -ചൈന

ബെയ്ജിങ്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ആശയവിനിമയവും പരസ്പരധാരണകൾ മെച്ചപ്പെടുത്താൻ വേണ്ടിയുള്ളതാകണമെന്നും മറ്റൊരുരാജ്യത്തെ ലക്ഷ്യമിട്ടുള്ളതാകരുതെന്നും ചൈന. ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടി വെള്ളിയാഴ്ച ആരംഭിക്കുന്നതിന് മുന്നോടിയായാണ് ചൈനയുടെ പ്രതികരണം. ‘‘ക്വാഡ് രാജ്യങ്ങൾ തുറന്ന മനോഭാവത്തോടെ ചർച്ചകളിൽ ഏർപ്പെടുകയും പ്രാദേശിക സമാധാനം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്’’- ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരാണ് വെർച്വലായി നടന്ന ഉച്ചകോടിയിൽ പങ്കെടുത്തത്. 2007-ൽ സ്ഥാപിതമായ ക്വാഡ് രാജ്യങ്ങളുടെ പ്രഥമ ഉച്ചകോടിയാണിത്.

Content Highlights: PM Narendra Modi Quad Summit