ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനുനേരെ സുരക്ഷാഭീഷണിയുണ്ടെന്ന വാദം തള്ളി ബംഗ്ലാദേശ്. ചില ഇടതുപക്ഷസംഘടനകളും തീവ്ര ഇസ്‌ലാമിക് സംഘടനകളും മോദിയുടെ സന്ദർശനത്തിനെതിരേ രംഗത്തുവന്നിട്ടുണ്ടെങ്കിലും ആശങ്കപ്പെടാനൊന്നുമില്ലെന്ന് വിദേശമന്ത്രി എ.കെ. അബ്ദുൾ മോമെൻ പറഞ്ഞു.

മാർച്ച് 26, 27 തീയതികളിലാണ് മോദി ബംഗ്ലാദേശിലെത്തുക. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷത്തിലും രാഷ്ട്രപിതാവ് മുജീബുർ റഹ്‌മാന്റെ ജന്മശതാബ്ദി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള മോദിയുടെ ആദ്യത്തെ വിദേശസന്ദർശനമാണിത്.

പ്രതിഷേധക്കാർ എണ്ണത്തിൽ കുറവാണെന്നും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാനടപടികളും സ്വീകരിച്ചതായും മോമെൻ വ്യക്തമാക്കി. ഇന്ത്യയിലെ പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ടാണ് മോദിക്കെതിരേ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയത്.

Content Highlights: PM Narendra Modi Bengladesh