ധാക്ക: മേഖലയിലെ ഭീകരവാദം ചെറുക്കാൻ ഇന്ത്യയും ബംഗ്ലാദേശും ജാഗ്രതയോെടയും ഐക്യത്തോടെയും തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടുദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച ബംഗ്ലാദേശിലെത്തിയ അദ്ദേഹം ധാക്കയിലെ സ്വാതന്ത്യദിനാഘോഷച്ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.

ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ്, പ്രധാനമന്ത്രി ഷെയ്ഖ്ഹസീന എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ബംഗ്ലാദേശിന്റെ രാഷ്‌ട്രപിതാവ് മുജീബുർ റഹ്‌മാനോടുള്ള ബഹുമാനസൂചകമായി ‘മുജീബ് ജാക്കറ്റ്’ ധരിച്ചാണ് മോദി ചടങ്ങിലെത്തിയത്.

2020-ലെ ഗാന്ധി സമ്മാന പുരസ്കാരം റഹ്‌മാൻറെ ഇളയമകൾക്ക് മോദി കൈമാറി. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നാണിതെന്നു പറഞ്ഞ മോദി ചടങ്ങിൽ പങ്കെടുക്കാൻ അവസരം നൽകിയ ബംഗ്ലാദേശിന് നന്ദി പറഞ്ഞു. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിലെ ഇന്ത്യൻ സൈന്യത്തിന്റെ സംഭാവനകളെ മോദി ഓർമിച്ചു. നേരത്തേ ബംഗ്ലാദേശ് വിദേശമന്ത്രി എ.കെ. അബ്ദുൾ മോമെനുമായി പ്രധാനമന്ത്രി ചർച്ച നടത്തി.

പ്രതിഷേധം, നാലു മരണം

മോദിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ചില സംഘടനകൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഇതിൽ നാലുപേർ മരിച്ചു. ന്യൂനപക്ഷ സംഘടനയുടെ പ്രതിനിധികൾ ഉൾപ്പെടെ പ്രമുഖ ന്യൂനപക്ഷ നേതാക്കളുമായി മോദി ചർച്ച നടത്തി.

‘‘ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ജയിൽശിക്ഷ അനുഭവിച്ചു’’

തന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാന നിമിഷമായിരുന്നു ബംഗ്ലാദേശ് സ്വാതന്ത്ര്യസമരമെന്ന് നരേന്ദ്രമോദി. “‌20-ാം വയസ്സിന്റെ തുടക്കത്തിൽ സഹപ്രവർത്തകർക്കൊപ്പം ഇന്ത്യയിൽ ഞങ്ങളും സത്യാഗ്രഹം സംഘടിപ്പിച്ചു. ഇതിലൂടെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനായി ജയിലിൽ പോകാനുള്ള അവസരവും എനിക്ക് ലഭിച്ചു.” -അദ്ദേഹം പറഞ്ഞു.

ബംഗാൾ വോട്ടിൽ കണ്ണിട്ട് മതുവ ഗോത്ര സന്ദർശനം

ബംഗ്ലാദേശ് സന്ദർശനത്തിനിടെ മതുവ ഗോത്രത്തിലെ നേതാക്കളുമായി മോദി ആശയവിനിമയം നടത്തി. ഗോപാൽഗഢ് ജില്ലയിലെ ഒരകണ്ഡിയിൽ ക്ഷേത്രസന്ദർശനത്തിനിടെ ആയിരുന്നു കൂടിക്കാഴ്ച. ബംഗാൾ തിരഞ്ഞെടുപ്പിൻറെ ആദ്യഘട്ടം ശനിയാഴ്ച ആരംഭിക്കാനിരിക്കെ വോട്ട് ലക്ഷ്യമിട്ടാണ് സന്ദർശനമെന്നാണ് വിലയിരുത്തൽ. സമുദായ സ്ഥാപകൻ ഹരിചന്ദ് ടാക്കൂറിന്റെ കുടുംബാംഗങ്ങൾ മോദിയെ കണ്ടു.

ബംഗാളിലെ 24 പർഗാനാസ്, നാദിയ ജില്ലകളിൽ ശ്രദ്ധേയ സാന്നിധ്യമാണ് ബംഗ്ലാദേശിൽനിന്നുള്ള ഹിന്ദു കുടിയേറ്റക്കാരായ മതുവ സമുദായം. മേഖലയിലെ മൊത്തം 50 നിയമസഭാ മണ്ഡലങ്ങളിൽ 33 എണ്ണത്തിൽ ഫലത്തെ സ്വാധീനിക്കാൻ സമുദായത്തിനാകുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കുണ്ടായ നേട്ടത്തിനു കാരണമായത് മതുവ സമുദായത്തിൻറെ പിന്തുണയായിരുന്നു.

Content Highlights: PM Narendra Modi Bangladesh