മോസ്‍കോ: വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന യുവാവ് വിമാനമിടിച്ച്‌ മരിച്ചു. റഷ്യൻ തലസ്ഥാനമായ മോസ്‍കോയിൽ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ഷെരിമെത്യേവോയിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാണ് അപകടം. സ്‍പെയിനിൽനിന്ന് അർമീനിയയിലേക്ക് പോകാനെത്തിയ 25-കാരനാണ് മരിച്ചത്.

അർമീനിയയിലേക്കുള്ള വിമാനത്തിലേക്ക് പോകുന്ന ബസിൽ കയറാതെ ഇയാൾ റൺവേയിലൂടെ നടക്കുകയായിരുന്നെന്ന് റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ആതൻസിലേക്ക് പോകുന്ന ബോയിങ് 737 വിമാനം പറന്നുയരുന്നതിനിടെയാണ് അപകടം. വിമാനമിടിച്ച് ഇയാളുടെ ശരീരം ചിന്നിച്ചിതറിയെന്നും അവശിഷ്ടങ്ങളിൽനിന്ന് മരിച്ചയാളുടെ കോട്ടും ഷൂലേസും കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. അപകടത്തെത്തുടർന്ന് ചില വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. അപകടമുണ്ടായ റൺവേ അടച്ചു.