ന്യൂയോർക്ക്: ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വെച്ചുപിടിപ്പിച്ച് ചരിത്രനേട്ടവുമായി ന്യൂയോർക്കിലെ ഡോക്ടർമാർ. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയിൽ വെച്ചുപിടിപ്പിച്ചത്. സെപ്റ്റംബറിലാണ് ശസ്ത്രക്രിയ നടന്നത്. വിവരങ്ങൾ പുറത്തുവിടുന്നത് ഇപ്പോഴാണ്. മനുഷ്യശരീരം പന്നിയുടെ വൃക്ക നിരസിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പന്നിയിൽ ജനിതകമാറ്റം വരുത്തിയത്. ശസ്ത്രക്രിയ ഫലപ്രദമാണെന്നും തങ്ങൾ പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണ് വൃക്ക പ്രവർത്തിക്കുന്നതെന്നും ലാംഗോൺ ആരോഗ്യ സംഘത്തെ നയിക്കുന്ന ഡോ. റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു .

പുതിയ വൃക്ക രോഗിയുടെ രക്തക്കുഴലുകളോട് ബന്ധിപ്പിച്ച് മൂന്നുദിവസം അവരുടെ ശരീരത്തിന് പുറത്തുവെച്ച് കാര്യങ്ങൾ നിയന്ത്രിച്ചശേഷമാണ് ഉള്ളിൽവെച്ചുപിടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പന്നികളുടെ ഹ്രസ്വ ഗർഭകാലം, അവയവങ്ങൾ എന്നിവ മനുഷ്യരുമായി താരതമ്യപ്പെടുത്താവുന്നതാണ്. എന്നാൽ അവരുടെ കോശങ്ങളിൽ ആൽഫ-ഗാൽ എന്ന പഞ്ചസാര തന്മാത്രയെ മനുഷ്യശരീരം അവയമാറ്റ സമയത്ത് സ്വീകരിക്കാത്തത് പരീക്ഷണങ്ങളെല്ലാം പരാജയത്തിലേക്ക് നയിച്ചു. അവ നീക്കം ചെയ്ത ശേഷമാണ് ഇപ്പോൾ ശസ്ത്രക്രിയ നടത്തിയത്.

വൃക്കമാറ്റിവെക്കലിനായി ലക്ഷക്കണക്കിന് പേർ കാത്തിരിക്കുന്നതിനാൽ മൃഗങ്ങളുടെ വൃക്ക ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് പതിറ്റാണ്ടുകളായി ഗവേഷണം നടത്തുന്നുണ്ട്. എന്നാൽ, മനുഷ്യശരീരം മൃഗങ്ങളുടെ വൃക്കകളുമായി ഇതുവരെയും പൊരുത്തപ്പെട്ടിരുന്നില്ല.