മനില: ഫിലിപ്പീൻസിൽ കഴിഞ്ഞദിവസം കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണം 85 ആയി. 40 പേർക്ക് പരിക്കേറ്റതായും 1,91,597 പേരെ മാറ്റിപ്പാർപ്പിച്ചതായും ദേശീയ ദുരന്ത നിവാരണ ഏജൻസി പറഞ്ഞു.

ദുരന്ത പ്രദേശത്തുനിന്നുള്ള 24,894 പേരേ താത്കാലിക സുരക്ഷിതകേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്. ബൈക്കോൾ പ്രവിശ്യയിലെ 20 ലക്ഷം പേർ താമസിക്കുന്ന കമാരിൻസ് സർ പ്രദേശം പ്രാദേശിക ഭരണകൂടം ദുരന്തമേഖലയായി പ്രഖ്യാപിച്ചു.

രക്ഷാപ്രവർത്തനത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനും ആവശ്യമായ പണവും സഹായവും വേഗത്തിൽ ലഭ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു. കിഴക്കൻ വിസയാസ് ആണ് ബൈക്കോളിനൊപ്പം ദുരന്തം കൂടുതൽ ബാധിച്ച മറ്റൊരുപ്രദേശം. ഫിലിപ്പീൻസിൽ ഓരോവർഷവും ഇരുപതോളം ചുഴലിക്കാറ്റുകൾ ഉണ്ടാവാറുണ്ട്.