മനില: നിർധനനായ ചൈനീസ് കുടിയേറ്റക്കാരനിൽനിന്ന് ഫിലിപ്പീൻസിലെ ഏറ്റവും സമ്പന്നനെന്ന നിലയിലേക്ക് വളർന്ന വ്യവസായ ഭീമൻ ഹെന്റി സൈ(94) അന്തരിച്ചു. എസ്.എം. പ്രൈം ഹോൾഡിങ്സ് എന്ന പേരിൽ ഫിലിപ്പീൻസ്, ചൈന എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ സാമ്രാജ്യത്തിനുടമയാണ് സൈ.

ഫോർബ്സ് മാസികയുടെ കണക്കുപ്രകാരം 1900 കോടി ഡോളറാണ് (ഏകദേശം 1.3 ലക്ഷം കോടിരൂപ) സൈയുടെ ആസ്തി. 2017-ലെ കണക്കുകൾപ്രകാരം ലോകത്തിലെ 52-ാമത്തെ സമ്പന്നനാണ് അദ്ദേഹം. വ്യവസായരംഗത്തെ പ്രമുഖരായ ഇലോൺ മസ്‍ക്, റൂപെർട്ട് മർഡോക്ക്, ജോർജ് സോറോസ് എന്നിവരെ പിന്നിലാക്കിയായിരുന്നു സൈയുടെ കുതിപ്പ്.

ചൈനയിൽനിന്ന് ഫിലിപ്പീൻസിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു സൈ. ഫിലിപ്പീൻസിൽ ഷൂ വിൽപ്പനകേന്ദ്രം നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. എന്നാൽ, രണ്ടാം ലോകമഹായുദ്ധത്തിൽ കട തകർന്നതോടെ സൈയുടെ അച്ഛൻ ചൈനയിലേക്ക് തിരികെപ്പോയി. എന്നാൽ, സൈ ഫിലിപ്പീൻസിൽ തന്നെ തുടർന്നു.

Content Highlights: Philippines' Richest Man, Henry Sy, Dies At 94

മനില സർവകലാശാലയിൽനിന്ന് കൊമേഴ്സിൽ ബിരുദം നേടിയ സൈ 1956-ൽ മനിലയിൽ ആദ്യത്തെ ഷൂ വിൽപ്പനകേന്ദ്രം തുടങ്ങി. പിന്നീടത് വലിയ ശൃംഖലയായി വ്യാപിച്ചു. 1972 മുതൽ മറ്റുത്പന്നങ്ങളുടെ കച്ചവടത്തിലേക്കും സൈ കടന്നു. ഇതോടെ ഷൂമാർട്ടെന്ന സൈയുടെ വ്യവസായ ശൃംഖല എസ്.എം. ഡിപ്പാർട്ട്മെന്റ് സ്റ്റോറെന്ന് പേരുമാറ്റി. 1985-ൽ സൈയാണ് മനിലയിൽ ആദ്യത്തെ ഷോപ്പിങ്മാൾ തുറക്കുന്നത്. 2001-ൽ ചൈനയിലേക്കും ഇവർ പ്രവർത്തനം വ്യാപിപ്പിച്ചു. 2018-ലെ കണക്കനുസരിച്ച് എസ്.എം. ശൃംഖലയ്ക്ക് ഫിലിപ്പീൻസിൽ എഴുപതും ചൈനയിൽ ഏഴും ഷോപ്പിങ്മാളുകളുണ്ട്.