മനില: ചീത്തവിളിയെത്തുടര്‍ന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍സുമായി നടത്താനിരുന്ന ചര്‍ച്ച യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ റദ്ദാക്കി. ലാവോസില്‍ ആസിയാന്‍ ഉച്ചകോടിക്കിടെ കാണാനായിരുന്നു ഇരുനേതാക്കളും തീരുമാനിച്ചിരുന്നത്. ചര്‍ച്ച വേണ്ടെന്നുവെച്ചതായി അമേരിക്കന്‍ നയതന്ത്രവിഭാഗം അധികൃതരാണ് അറിയിച്ചത്.

ഫിലിപ്പീന്‍സ് പ്രസിഡന്റുമായുള്ള ചര്‍ച്ച ഫലപ്രദമാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ലാവോസിലേക്ക് പുറപ്പെടുംമുമ്പ് ഒബാമ അഭിപ്രായപ്പെട്ടിരുന്നു. തിങ്കളാഴ്ചയാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒബാമ വിയറ്റ്‌നാമിലെത്തിയത്. ഒബാമ യാത്രപുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഡ്യൂട്ടേര്‍സ് അദ്ദേഹത്തെ അവഹേളിച്ചുകൊണ്ട് അസഭ്യ പ്രയോഗം നടത്തിയത്.

ഡ്യൂട്ടേര്‍സ് ഖേദമറിയിച്ചു
 
Duterte

ലാവോസ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ അധിക്ഷേപിച്ച് സംസാരിച്ചതിന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍സ് ഖേദമറിയിച്ചു. 

'പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍വന്ന ചില പരാമര്‍ശങ്ങളില്‍ വ്യക്തിപരമായി ഒബാമയുടെ പേരുവന്നുപോയതില്‍ ഖേദവും പശ്ചാത്താപവും ഉണ്ട് '- ഡ്യൂട്ടേര്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

ഫിലിപ്പീന്‍സിലെ മനുഷ്യാവകാശലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്നുപറഞ്ഞുകൊണ്ടായിരുന്നു ഒബാമയ്ക്കുനേരേ ഡ്യൂട്ടേര്‍സ് അസഭ്യവര്‍ഷം നടത്തിയത്.