മനില: ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സുരിഗോവോ നഗരത്തിലുണ്ടായ ഭൂചലനം ഭൂകമ്പമാപിനിയില്‍ 6.7 തീവ്രത രേഖപ്പെടുത്തി. നഗരത്തില്‍നിന്ന് 14 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് സിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്തു.

ഭൂകമ്പത്തെത്തുടര്‍ന്ന് നഗരത്തില്‍ വൈദ്യുതിബന്ധം നിലച്ചു. വിമാനത്താവളത്തിലെ റണ്‍വേ തകര്‍ന്നു. പാലങ്ങളും സ്‌കൂളും ഹോട്ടലുകളുമുള്‍പ്പെടെയുള്ള കെട്ടിടങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നു. ലെയ്‌റ്റെ, മാന്‍ഡേറ്റ് സിറ്റി, ബുട്വാന്‍, ടാക്ലോബാന്‍, സെബു എന്നീ സമീപപ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
 
കൊല്ലപ്പെട്ടവരെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചുമുള്ള ഔദ്യോഗികറിപ്പോര്‍ട്ട് സര്‍ക്കാര്‍ ദുരന്തനിവാരണ ഏജന്‍സി പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ചത്തെ ഭൂകമ്പത്തിനു ശേഷം 86-ലേറെ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്.