മനില: ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്.) ബന്ധമുള്ള ഭീകരരെ നേരിടാന്‍ തെക്കന്‍ ഫിലിപ്പീന്‍സില്‍ പട്ടാളനിയമം കൊണ്ടുവന്നു. വേണ്ടിവന്നാല്‍ ഇത് രാജ്യമെങ്ങും വ്യാപിപ്പിക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ട് പറഞ്ഞു.

ചൊവ്വാഴ്ചയാണ് രണ്ടുകോടിപ്പേര്‍ താമസിക്കുന്ന മിന്‍ഡനാവോയില്‍ ഒരുവര്‍ഷത്തേക്ക് പട്ടാളനിയമം കൊണ്ടുവന്നത്. ഐ.എസുമായി ബന്ധമുള്ള ഭീകരര്‍ പോലീസുകാരനെയും രണ്ട് പട്ടാളക്കാരെയും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണിത്.

അക്രമവും ലഹളയും തടയാനും അമര്‍ച്ച ചെയ്യാനും സായുധസേനയെ വിളിക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് പട്ടാളനിയമം. തന്റെ പട്ടാളനിയമം വാറന്റില്ലാത്ത അറസ്റ്റുകള്‍ക്കും തിരച്ചിലുകള്‍ക്കും ചിലയിടങ്ങളില്‍ കര്‍ഫ്യൂവിനും അനുമതി നല്‍കുന്നതാണെന്ന് ഡ്യൂട്ടര്‍ട്ട് പറഞ്ഞു. സ്വേച്ഛാധിപതി ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് വര്‍ഷങ്ങള്‍ക്കുമുമ്പ് കൊണ്ടുവന്ന പട്ടാളഭരണംപോലെയാകും ഈ നിയമമെന്നും അദ്ദേഹം പറഞ്ഞു.