മനില: ഫിലിപ്പീൻസിൽ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ടിനെ വിമർശിക്കുന്ന വാർത്താ വെബ്സൈറ്റിന്റെ മേധാവിയായ മാധ്യമപ്രവർത്തക അറസ്റ്റിൽ. റാപ്പ്‍ളർ എന്ന വെബ്സൈറ്റിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മരിയ റെസ്സയാണ് മനിലയിൽ ബുധനാഴ്ച അറസ്റ്റിലായത്.

2012 സെപ്റ്റംബറിൽ ഫിലിപ്പീൻസ് പാസാക്കിയ വിവാദനിയമം ‘സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽക്കുറ്റം’ ചുമത്തിയാണ് അറസ്റ്റ്.

ഫിലിപ്പീൻസ് സുപ്രീംകോടതിയിലെ മുൻ ജഡ്ജിയും പ്രമുഖ വ്യവസായിയുമായുള്ള അനധികൃതബന്ധം വ്യക്തമാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഇവരുടെ പേരിൽ കുറ്റംചുമത്തിയത്. ലേഖനം പ്രസിദ്ധീകരിച്ചതിന് നാലുമാസത്തിനുശേഷമാണ് ഫിലിപ്പീൻസ് അപകീർത്തിനിയമം പാസാക്കിയതെങ്കിലും ഇതേ നിയമത്തിനുകീഴിൽ 2017-ൽ മരിയയുടെ പേരിൽ കേസെടുക്കുകയായിരുന്നു. ഫിലിപ്പീൻസ് നാഷണൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസ് പിൻവലിച്ചെങ്കിലും 2018-ൽ കേസിൽ വീണ്ടും അന്വേഷണം നടത്താൻ തീരുമാനിച്ചു.

അതേസമയം, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തങ്ങളെ നിശ്ശബ്ദരാക്കാനായുള്ള ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ടിന്റെ ഗൂഢാലോചനയാണ് അറസ്റ്റിനുപിന്നിലെന്നും മരിയ ആരോപിച്ചു. എന്നാൽ, ആരോപണം ഡ്യൂട്ടേർട്ട് നിഷേധിച്ചു. റാപ്പ്‍ളർ വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.