മനില: ഫിലിപ്പീന്‍സില്‍ ഇരുന്നൂറിലേറെ പേരുമായിപ്പോയ കടത്തുബോട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു. 11 പേരെ കാണാതായി. കൊടുങ്കാറ്റിനെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭമാണ് അപകടകാരണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

മനിലയ്ക്ക് 70 കിലോമീറ്റര്‍ അകലെ പോളില്ലോ, റിയല്‍ ടൗണ്‍ എന്നീ ഒറ്റപ്പെട്ട ദ്വീപുകള്‍ക്കിടയിലാണ് ബോട്ട് മറിഞ്ഞത്. 251 യാത്രികരും ബോട്ട് ജീവനക്കാരുമാണ് ഇതിലുണ്ടായിരുന്നത്. 286 യാത്രികരെ കയറ്റാനാകുന്ന ബോട്ടാണിത്. യാത്രികര്‍ കൂട്ടത്തോടെ ബോട്ടിന്റെ ഒരു ഭാഗത്തേക്ക് നീങ്ങിയതാണ് മറിയാന്‍ കാരണം.

കനത്തമഴയും കാറ്റും തുടരുന്നതിനാല്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയില്‍ രാത്രി തിരച്ചില്‍ തുടരാനാവില്ലെന്നും വെള്ളിയാഴ്ച തുടരുമെന്നും പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.