വാഷിങ്ടൺ: ഔഷധനിർമാണക്കമ്പനിയായ ഫൈസർ യു.എസിൽ കോവിഡ് വാക്സിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള വിതരണം ആരംഭിച്ചു. റോഡ് ഐലൻഡ്, ടെക്സസ്, ന്യൂമെക്സിക്കോ, ടെന്നിസി സംസ്ഥാനങ്ങളിലാണ് വിതരണം തുടങ്ങിയത്. പ്രാഥമിക വിവരങ്ങൾപ്രകാരം ഫൈസറിൻറെ വാക്സിന് 90 ശതമാനത്തിലേറെ ഫലപ്രാപ്തിയുണ്ടെന്ന് തെളിഞ്ഞിരുന്നു. മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് സൂക്ഷിക്കേണ്ടത്.

പ്രാരംഭ വാക്സിൻ വിതരണത്തിന്റെ ഫലം കൃത്യമായ വാക്സിൻ വിതരണ സംവിധാനമൊരുക്കാൻ യു.എസിലെ മറ്റുസംസ്ഥാനങ്ങൾക്കും വിദേശരാജ്യങ്ങൾക്കും മാതൃകയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫൈസർ പ്രസ്താവനയിൽ വ്യക്തമാക്കി. വിസ്തീർണം, ജനസാന്ദ്രത, രോഗപ്രതിരോധസംവിധാനങ്ങൾ, നഗര-ഗ്രാമ പ്രദേശങ്ങളിൽ വ്യക്തികളിലേക്കെത്തുന്ന മാർഗങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കുന്നതിനാലാണ് സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തത്. എന്നാൽ, വാക്സിൻ വാണിജ്യാടിസ്ഥാനത്തിൽ വിതരണത്തിന് തയ്യാറാകുമ്പോൾ സംസ്ഥാനങ്ങൾക്ക് പ്രത്യേകപരിഗണനയുണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി.

മൊഡേണ വാക്സിൻ അതിശയകരമാംവിധം ഫലപ്രദം

മൊഡേണ ബയോടെക്‌നോളജി കമ്പനിയുടെ കോവിഡ് വാക്സിൻ പരീക്ഷണഫലങ്ങൾ അതിശയിപ്പിക്കുന്നതെന്ന് അമേരിക്കയിലെ മുതിർന്ന പകർച്ചവ്യാധി ഗവേഷകനായ ആന്റണി ഫൗച്ചി. വാക്സിൻറെ സഹനിർമാതാക്കളായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജീസ് ആൻഡ് ഇൻഫെക്‌ഷൻസിന്റെ (എൻ.ഐ.എ.ഐ.ഡി.) തലവൻകൂടിയാണ് അദ്ദേഹം.

“70 അല്ലെങ്കിൽ 75 ശതമാനം ഫലപ്രാപ്തിയിൽ ഞാൻ സംതൃപ്തനായിരുന്നു. എന്നാൽ, 94.5 ശതമാനം ഫലപ്രദമായ വാക്സിൻ നമുക്കുണ്ടെന്നത് അതിശയകരമാണ്” -ഫൗച്ചി പറഞ്ഞു. ചൈന കോവിഡ് വൈറസിന്റെ ജനിതകഘടന വ്യക്തമാക്കിയതിനുപിന്നാലെ ജനുവരിയിലാണ് എൻ.ഐ.എ.ഐ.ഡി. വാക്സിൻനിർമാണത്തിൽ മൊഡേണയ്ക്കൊപ്പം പങ്കാളിയായത്. എം.ആർ.എൻ.എ.യുടെ കൃത്രിമ തന്മാത്രകൾ ഉപയോഗിച്ച് മനുഷ്യകോശങ്ങളെ വാക്സിൻനിർമാണകേന്ദ്രങ്ങളാക്കുന്ന വ്യത്യസ്തമായ സാങ്കേതികവിദ്യയാണ് വാക്സിനിൽ ഉപയോഗിച്ചിട്ടുള്ളത്.

വാക്സിൻനിർമാണഘട്ടത്തിൽ പരിചിതമല്ലാത്ത സാങ്കേതികവിദ്യ ഉപയോഗിച്ചതിന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ, എം.ആർ.എൻ.എ. സാങ്കേതികവിദ്യ ഉപയോഗിച്ച രണ്ടുവാക്സിനുകൾ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്നുതെളിഞ്ഞത് പരീക്ഷണങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുന്നതായും ഫൗച്ചി പറഞ്ഞു. വാക്സിൻ, വൈറസിനെതിരായ ആൻറിബോഡികൾ നിർമിക്കുന്നുണ്ടെങ്കിലും ഇവ എത്രനാൾ നീണ്ടുനിൽക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു

50 ലക്ഷം ഡോസുകൾ വേണമെന്ന് ബ്രിട്ടൻ

ലണ്ടൻ: മൊഡേണയുടെ കോവിഡ് വാക്സിന്റെ 50 ലക്ഷം ഡോസുകൾ മുൻകൂട്ടി ഉറപ്പാക്കി ബ്രിട്ടൻ. വാക്സിൻ ഫലപ്രദമാണെന്ന് തെളിയിക്കുന്ന പരീക്ഷണഫലങ്ങൾ പുറത്തുവന്നതിനുപിന്നാലെ ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോമ്പാണ് ഇതുസംബന്ധിച്ച് കമ്പനിയുമായി കരാറിലെത്തിയതായി അറിയിച്ചത്. നേരത്തേ ആറു വ്യത്യസ്തവിതരണക്കാരിൽനിന്ന്‌ 35 കോടി വാക്സിൻ ഡോസുകൾ ബ്രിട്ടൻ ഉറപ്പാക്കിയിരുന്നു.

Content Highlights: Pfizer to start Covid-19 immunization pilot program in four US states