ന്യൂയോർക്ക്: അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയായപ്പോൾ കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമെന്ന് അമേരിക്കൻ ഔഷധനിർമാണകമ്പനിയായ ഫൈസർ. ‘സന്ദേശക-ആർ.എൻ.എ.(എം-ആർ.എൻ.എ.) അടിസ്ഥാനമാക്കിയുള്ള BNT162b2 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം അവസാനിപ്പിച്ചതായി’ ഫൈസറും ജർമൻ പങ്കാളികളായ ബയോൻടെകും വ്യക്തമാക്കി.

2020-ൽ വാക്സിൻറെ അഞ്ചുകോടി ഡോസും 2021 അവസാനത്തോടെ 130 കോടി ഡോസും ആഗോളതലത്തിൽ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പ്രായം, ലിംഗ, വർണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.

എട്ടുമാസംനീണ്ട ചരിത്രപരമായ ദൗത്യത്തിൻറെ നിർണായകഘട്ടമാണ് കടന്നതെന്ന് ഫൈസർ ചെയർമാൻ ഡോ. ആൽബർട്ട് ബൗർല പറഞ്ഞു. നേരത്തേ ഫൈസർ നാലു യു.എസ്. സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള വിതരണം ആരംഭിച്ചിരുന്നു.