ഇസ്‌ലാമാബാദ്: ഇന്ത്യൻ സൈന്യത്തിനെതിരേ പോരാടാൻ തന്റെ രാജ്യം കശ്മീരികളെ ആയുധം നൽകി പരിശീലിപ്പിച്ചിരുന്നെന്ന പാകിസ്താൻ മുൻപ്രസിഡന്റ് പർവെസ് മുഷറഫിന്റെ വീഡിയോ വീണ്ടും ചർച്ചയാവുന്നു. രണ്ടുമിനിറ്റിൽ താഴെ ദൈർഘ്യമുള്ള 2015-ലെ വീഡിയോ ക്വറ്റയിൽ നിന്നുള്ള ഹമീദ് മാൻഡൊക്കിൽ ചൊവ്വാഴ്ച ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തത്.
കശ്മീരിൽ പാകിസ്താന്റെ ഇടപെടലുകളും ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ച് ഇന്ത്യയ്ക്കെതിരേ തിരിച്ചുവിടുന്നതും വ്യക്തമാക്കുന്ന വീഡിയോയാണിത്. ഇന്ത്യ ഏറെക്കാലമായി ഉന്നയിക്കുന്ന ആരോപണമാണിത്. 2015-ൽ ദുനിയാ ന്യൂസിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗം മുൻ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പ്രസ് സെക്രട്ടറി ഫർഹത്തുള്ള ബാബർ റീട്വീറ്റ് ചെയ്തതോടെയാണ് വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. ഉസാമ ബിൻലാദൻ, അയ്‌മൻ അൽ സവാഹിരി, ജലാലുദ്ദീൻ ഹഖാനി തുടങ്ങിയ ഭീകരവാദികൾക്ക് പാകിസ്താൻ വീരപരിവേഷമായിരുന്നു നൽകിയിരുന്നതെന്നും മുഷറഫ് വീഡിയോയിൽ പറയുന്നു.
പാകിസ്താനിലെത്തുന്ന കശ്മീരികൾക്ക് താരപരിവേഷമാണ് ലഭിക്കുന്നത്. അവരെ പരിശീലിപ്പിക്കുന്നു. ഇന്ത്യൻ സൈന്യത്തിനെതിരേ പോരാടുന്നവരെ മുജാഹിദീനുകളായാണ് ഞങ്ങൾ കരുതുന്നത്. ലഷ്കറെ തൊയ്ബ പോലെയുള്ള ഭീകരസംഘടനകളും ഇക്കാലത്ത് ഉയർന്നുവന്നിട്ടുണ്ടെന്നും മുഷറഫ് പറയുന്നു.
സോവിയറ്റ് യൂണിയനെ പുറത്താക്കി പാകിസ്താന് നേട്ടമുണ്ടാക്കാൻ 1979-ൽ അഫ്ഗാനിസ്താനിൽ ഞങ്ങൾ മതത്തെ ഉപയോഗിച്ചു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് മുജാഹിദീനുകളെ കൊണ്ടുവന്ന് ആയുധങ്ങൾ നൽകി പരിശീലിപ്പിച്ചു. താലിബാനെ പരിശീലിപ്പിച്ചു. താലിബാനും ഹഖാനിക്കും താരപരിവേഷം നൽകി. പിന്നീട് ലോകം മാറി. വ്യത്യസ്തമായി കാര്യങ്ങളെ കാണാൻ തുടങ്ങിയപ്പോൾ ഞങ്ങൾ വീരപരിവേഷം നൽകിയവർ വില്ലൻമാരായി.
1999 മുതൽ 2008 വരെ പാകിസ്താൻ ഭരിച്ച മുഷറഫ് ഇപ്പോൾ രാജ്യദ്രോഹ, കൊലപാതകക്കുറ്റങ്ങളിൽ വിചാരണ നേരിടുകയാണ്.