ഇസ്‍ലാമാബാദ്: രാജ്യദ്രോഹക്കേസിൽ പാകിസ്താൻ മുൻപ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ. 2007 നവംബറിൽ ഭരണഘടന റദ്ദാക്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേകകോടതിയുടെ മൂന്നംഗ ബെഞ്ചാണ് ചൊവ്വാഴ്ച ശിക്ഷ വിധിച്ചത്. പാകിസ്താന്റെ ചരിത്രത്തിൽ വധശിക്ഷയ്ക്കുവിധിക്കപ്പെടുന്ന ആദ്യത്തെ സൈനികഭരണാധികാരിയാണ് മുഷറഫ്. അറസ്റ്റുഭയന്ന് 2016-ൽ ദുബായിലേക്കുകടന്ന മുഷറഫ് അവിടെ ചികിത്സയിലാണ്.

2007 നവംബറിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സുപ്രീംകോടതി ജഡ്ജിമാരടക്കമുള്ളവരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തതാണ് കേസിലേക്ക് നയിച്ചത്. രാജ്യത്ത് തീവ്രവാദപ്രവർത്തനം വലിയതോതിൽ വർധിച്ചതായും ഇതുതടയണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിനുനേരെ പാകിസ്താനിൽ വലിയ പ്രതിഷേധമുയർന്നു. ഇംപീച്ച്മെന്റ് നടപടിയുടെ വക്കിലെത്തിയതോടെ 2008-ൽ മുഷറഫ് രാജിവെച്ചു.

നവാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ മുസ്‍ലിംലീഗ്-നവാസ് (പി.എം.എൽ.-എൻ) സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതോടെ 2013-ലാണ് മുഷറഫിന്റെ പേരിൽ കേസെടുത്ത് വിചാരണ തുടങ്ങിയത്. 2014-ൽ കുറ്റംചുമത്തി.

കേസിൽ ഇപ്പോൾ വിധിപ്രഖ്യാപിക്കരുതെന്ന ഇസ്‍ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവുനിലനിൽക്കെയാണ് ജസ്റ്റിസുമാരായ വഖാർ അഹമ്മദ് സേത്ത്, നാസർ അക്ബർ, ഷാഹിദ് കരീം എന്നിവരടങ്ങിയ ബെഞ്ച് വിധിപ്രഖ്യാപിച്ചത്. ആദ്യം നവംബർ 28-നാണ് വിധിപ്രഖ്യാപിക്കാനിരുന്നത്. എന്നാൽ, അത്‌ തടഞ്ഞ് 27-ന് ഇസ്‍ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവെത്തി. ഡിസംബർ അഞ്ചിനുമുമ്പ് മൊഴി നൽകണമെന്ന് പ്രത്യേകകോടതി മുഷറഫിനോട് ആവശ്യപ്പെടുകയുംചെയ്തു. എന്നാൽ, അനാരോഗ്യംകാരണം കോടതിയിൽ നേരിട്ടെത്താനാവില്ലെന്നും ഹാജരാകാനുള്ള ആരോഗ്യം വീണ്ടെടുക്കുന്നതുവരെ വിധിപറയുന്നത് നീട്ടണമെന്നുമാവശ്യപ്പെട്ട് മുഷറഫ് ലഹോർ കോടതിയെ സമീപിച്ചിരുന്നു. മുഷറഫ് പാകിസ്താനിലെത്താൻ തയ്യാറാണെന്നും എന്നാൽ, വേണ്ടത്ര സുരക്ഷ സർക്കാർ ഉറപ്പുനൽകണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അഖ്തർ ഷായും പറഞ്ഞിരുന്നു.

ഒട്ടേറെത്തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെത്തുടർന്ന് മുഷറഫിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും അറസ്റ്റുചെയ്യാൻ പാക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയോട് ആവശ്യപ്പെടുകയുംചെയ്തിരുന്നു. വിധിക്കെതിരേ മുഷറഫിന് പാക് സുപ്രീംകോടതിയെ സമീപിക്കാം.

ആരോപണം അടിസ്ഥാനരഹിതം -മുഷറഫ്

“രാജ്യദ്രോഹക്കേസ് പൂർണമായും അടിസ്ഥാനരഹിതമാണ്. പത്തുവർഷത്തോളം ഞാനെന്റെ രാജ്യത്തെ സേവിച്ചു. രാജ്യത്തിനായി പോരാടി. ഞാനൊരിക്കൽപ്പോലും കേട്ടിട്ടില്ലാത്ത കേസാണിത്. എന്നെ വേട്ടയാടുകയാണ്.”

- പർവേസ് മുഷറഫ് (വീഡിയോ പ്രസ്താവനയിൽ)

പർവേസ് മുഷറഫ്

* 1943-ൽ ന്യൂഡൽഹിയിൽ ജനിച്ചു. വിഭജനത്തോടെ പാക് പൗരനായി.

* 1964-ൽ പാകിസ്താൻസൈന്യത്തിൽ ചേർന്നു.

* 1998-ൽ പാക് സൈനികമേധാവിയായി.

* 1999-ൽ രക്തരഹിത അട്ടിമറിയിലൂടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിനെ പുറത്താക്കി അധികാരംപിടിച്ചു.

* 2002മുതൽ 2008വരെ പാകിസ്താന്റെ പ്രസിഡന്റ്.

മുഷറഫിൻറെ പേരിലുള്ള കുറ്റം

1973-ലെ ഭരണഘടന റദ്ദാക്കി 2007 നവംബർ മൂന്നിന് പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്നത്തെ പാക് സുപ്രീംകോടതി ചീഫ് ജസ്റ്റ്സ് ഇഫ്തിക്കർ മുഹമ്മദ് ചൗധരിയുൾപ്പെടെ 61 മുതിർന്ന ജഡ്ജിമാരെ പുറത്താക്കി വീട്ടുതടങ്കലിലാക്കി. സ്വകാര്യ ടെലിവിഷൻ-റേഡിയോ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി.

Content Highlights: Parvez Musharraf sentenced to death