ഇസ്‌ലാമാബാദ്: വധശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് മരിക്കുകയാണെങ്കിൽ മൃതശരീരം പാർലമെന്റിലേക്ക് വലിച്ചിഴയ്ക്കണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നും പ്രത്യേക കോടതി വിധി. 2007 നവംബറിൽ ഭരണഘടന റദ്ദാക്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ചൊവ്വാഴ്ചയാണ് കോടതി മുഷറഫിന് (76) വധശിക്ഷ വിധിച്ചത്. കോടതി ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യാഴാഴ്ചയാണ് പുറത്തുവന്നത്.

മുഷറഫിനെ മരിക്കുംവരെ തൂക്കണമെന്ന് 167 പേജുള്ള ശിക്ഷാവിധിയിൽ പെഷാവർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹമ്മദ് സേഠ് വ്യക്തമാക്കിയിരുന്നു. ചികിത്സയിലുള്ള മുഷറഫിനെ എത്രയും വേഗം പിടികൂടി നിയമം നടപ്പാക്കാൻ കോടതി നിയമപാലകരോട് ആവശ്യപ്പെടുന്നുണ്ട്. പിടിയിലാകുന്നതിനുമുമ്പ് മുഷറഫ് മരിക്കുകയാണെങ്കിൽ ഇസ്‌ലാമാബാദിലെ ഡി-ചൗക്കിലേക്ക് മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവരണം. മൂന്നുദിവസത്തേക്ക് കെട്ടിത്തൂക്കണം -ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസും പാർലമെന്റും സുപ്രീംകോടതിയുമെല്ലാം ഡി-ചൗക്ക് എന്ന ജനാധിപത്യ ചത്വരത്തിലാണ്. മുഷറഫിനെതിരായ വധശിക്ഷയിൽ സിന്ധ് ഹൈക്കോടതി ജസ്റ്റിസ് നാസർ അക്‌ബർ വിയോജിപ്പ്‌ രേഖപ്പെടുത്തിയിരുന്നു. മൃതദേഹം വലിച്ചിഴയ്ക്കണം, തൂക്കിയിടണം തുടങ്ങിയ നിർദേശങ്ങളെ ഭരണഘടനാവിരുദ്ധമെന്നാണ് നിയമവിദഗ്ധരും വിശേഷിപ്പിച്ചത്.

വിധിയുടെ വിശദാംശങ്ങളെ സൈന്യവും വിമർശിച്ചു. മനുഷ്യത്വരഹിതവും മതകല്പനകൾക്ക് വിരുദ്ധവും സംസ്കാരശൂന്യവുമാണ് അതിലെ വാചകങ്ങളെന്ന് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.

Content Highlights; Parvez Musharraf Pakistan