ഇസ്‍ലാമാബാദ്: മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ വിധിച്ച കോടതിയുത്തരവിനെ പരോക്ഷമായി തള്ളി പാകിസ്താൻ സർക്കാർ. വിധിക്കെതിരേ മുഷറഫ് സുപ്രീംകോടതിയിൽ നൽകുന്ന അപ്പീലിനെ പിന്തുണയ്ക്കുമെന്ന് പാകിസ്താൻ സർക്കാർ വ്യക്തമാക്കി. മുഷറഫിനെതിരേയുള്ള വധശിക്ഷ അംഗീകരിക്കാനാവില്ലെന്ന് പാക് സൈന്യം പരസ്യമായി നിലപാടെടുത്തതിനുപിന്നാലെയാണ് സർക്കാരും നയം വ്യക്തമാക്കിയത്.

മുഷറഫിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉന്നത പാർട്ടിവൃത്തങ്ങളുമായി ബുധനാഴ്ച ചർച്ച നടത്തി. 2007-ൽ ഭരണഘടന റദ്ദാക്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പ്രത്യേക കോടതി മുഷറഫിന് വധശിക്ഷ വിധിച്ചത്.

മുഷറഫ് രാജ്യദ്രോഹിയല്ലെന്നായിരുന്നു സൈന്യത്തിന്റെ പ്രതികരണം. ഇതിനു തൊട്ടുപിന്നാലെ അപ്പീലിൽ മുഷറഫിനെ പിന്തുണയ്ക്കുമെന്ന്‌ പ്രഖ്യാപിച്ച് പാക് അറ്റോർണി ജനറൽ അൻവർ മൻസൂർ ഖാനും രംഗത്തെത്തി.

Content Highlights: Parvez Musharraf Pakistan