ദുബായ്: പാകിസ്താൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിനെ(76) ദുബായിലെ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉയർന്ന രക്തസമ്മർദവുംമൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുഷറഫിന്റെ പാർട്ടിയായ ഓൾ പാകിസ്താൻ മുസ്‌ലിംലീഗി(എ.പി.എം.എൽ.)ന്റെ വക്താവ് അറിയിച്ചു. അടിയന്തരചികിത്സയ്ക്കായി തിങ്കളാഴ്ച ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി വക്താവ് പറഞ്ഞു.

ഭരണഘടന അട്ടിമറിച്ച് 2007-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് മുഷറഫിനെതിരേ രാജ്യദ്രോഹക്കേസുണ്ട്. നവംബർ 28-ന് ഈ കേസിന്റെ വിധി പ്രഖ്യാപിക്കുന്നതിൽനിന്ന് സ്പെഷ്യൽ ട്രിബ്യൂണലിനെ വിലക്കിക്കൊണ്ട് ഇസ്‌ലാമാബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുറ്റക്കാരനെന്നു കണ്ടെത്തിയാൽ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കും. 2016 മുതൽ മുഷറഫ് ദുബായിലാണ് താമസം.

Content highlights: Parvez Musharraf Pakistan