പാരീസ്: ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിലും തീപ്പിടിത്തത്തിലും മൂന്നുപേർ മരിച്ചു. രണ്ട് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും ഒരു സ്‍പാനിഷ് യുവതിയുമാണ് മരിച്ചത്. തങ്ങളുടെ പൗര മരിച്ച വിവരം സ്‍പാനിഷ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 47 പേർക്ക് പരിക്കേറ്റു. പാരീസിലെ റ്യൂ ഡെ ട്രിവൈസിലെ വ്യാപാരകേന്ദ്രത്തിനുള്ളിൽ ഹ്യുബെർട്ട് എന്ന ബേക്കറിക്കുള്ളിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ പത്തുപേരുടെ നില ഗുരുതരമാണ്. പാചകവാതകച്ചോർച്ചയാണ് അപകടത്തിനുകാരണമെന്നാണ് പ്രാഥമികനിഗമനം.
സമീപത്തെ മറ്റുകെട്ടിടങ്ങൾക്കും നിരത്തിൽ പാർക്കുചെയ്തിരുന്ന കാറുകൾക്കും കേടുപാടുണ്ടായി. പരിസരപ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.
തീയണയ്ക്കാൻ ഇരുനൂറോളം അഗ്നിസുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചുവരികയാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സംഭവസ്ഥലം സന്ദർശിച്ച ഫ്രഞ്ച് ആഭ്യന്തരമന്ത്രി ക്രിസ്റ്റോഫെ കാസ്റ്റനെർ പറഞ്ഞു. ഫ്രാൻസിൽ തുടരുന്ന മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധവുമായി സ്ഫോടനത്തിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.