ഇസ്‌ലാമാബാദ്: നിരോധിതസംഘടനകൾക്കുകീഴിൽ പ്രവർത്തിക്കുന്ന മതപഠനശാലകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കെതിരേ സ്വീകരിച്ച നടപടികളെക്കുറിച്ച് എഫ്.എ.ടി.എഫ്. പാകിസ്താനോട് കൂടുതൽ വിശദീകരണംതേടി. ഭീകരവാദത്തിന് പണമെത്തുന്നതുതടയാൻ പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിരീക്ഷണസമിതിയാണ് എഫ്.എ.ടി.എഫ്.
തീവ്രവാദം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളെക്കുറിച്ച് പാകിസ്താൻ കഴിഞ്ഞയാഴ്ച സമിതിക്ക് റിപ്പോർട്ടുനൽകിയിരുന്നു. ഒക്ടോബറിൽ സമിതി നൽകിയ 27 ചോദ്യങ്ങളിൽ 22 ചോദ്യങ്ങൾക്ക് പാകിസ്താൻ നേരത്തേ മറുപടിനൽകിയിരുന്നില്ല. 2020 ഫെബ്രുവരിവരെ ഗ്രേ പട്ടികയിലാണ് എഫ്.എ.ടി.എഫ്. പാകിസ്താനെ ഉൾപ്പെടുത്തിയിട്ടുള്ളത്. നിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പുതുതായി 150 ചോദ്യങ്ങളാണ് എഫ്.എ.ടി.എഫ്. പാകിസ്താനോട് ചോദിച്ചിട്ടുള്ളത്. നിരോധിച്ച സംഘടനകളുടെ കീഴിൽ മതപഠനശാലകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ജനുവരി എട്ടിനകം മറുപടി നൽകാനാണ് നിർദേശം. ബെയ്ജിങ്ങിൽ ജനുവരി 21 മുതൽ 24 വരെയാണ് എഫ്.എ.ടി.എഫിന്റെ അടുത്ത യോഗം ചേരുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനായ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ജമാഅത്തുദ്ദവയുടെ നേതൃത്വത്തിൽ പാകിസ്താനിൽ മുന്നൂറിലധികം മതപഠനശാലകളും സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. മാർച്ചിൽ സംഘടനയുടെ കീഴിലുള്ള 160 മദ്രസ, 32 സ്കൂൾ, രണ്ട് കോളേജ്, നാല് ആശുപത്രി, 178 ആംബുലൻസ്, 153 ഡിസ്പൻസറി എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു.
ജമാഅത്തുദ്ദവയുടെ കീഴിലുള്ള ഫലാഹ് ഇ ഇൻസാനിയത് ഫൗണ്ടേഷന്റെ കീഴിലായിരുന്നു ഇവ പ്രവർത്തിച്ചിരുന്നത്. തെക്കൻ സിന്ധ് പ്രവിശ്യയിൽ സംഘടനയ്ക്കുകീഴിൽ പ്രവർത്തിച്ചിരുന്ന 56 മദ്രസകളും മറ്റുസ്ഥാപനങ്ങളും ഇതോടൊപ്പം കണ്ടുകെട്ടിയിരുന്നു. ഭീകരസംഘടനയായ ലഷ്കറെ തൊയിബയുമായി ബന്ധപ്പെട്ട് പാകിസ്താനിൽ പ്രവർത്തിക്കുകയാണ് ജമാഅത്തുദ്ദവ.
Content Highlights; Pakistan terror funding FATF