ഇസ്‌ലാമാബാദ്: ബലാത്സംഗം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ എന്നിവയിൽ മാതൃകാപരമായ ശിക്ഷ നൽകാൻ മൂന്ന് തലത്തിലുള്ള നിയമനിർമാണം നടത്തുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലൈംഗിക കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിക്കാനും ഫലപ്രദമായ അന്വേഷണത്തിനും സഹായകമായ വ്യവസ്ഥകൾ നിയമത്തിലുണ്ടാകും.
സാക്ഷികളുടെ സംരക്ഷണത്തിനും പ്രോസിക്യൂഷന്റെ സുഗമമായ വാദത്തിനും സഹായിക്കുന്നതാകും നിയമനിർമാണമെന്നും പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ ഇമ്രാൻഖാൻ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ വളരെ കുറഞ്ഞ കേസുകൾ മാത്രമേ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ഖാൻ സമ്മതിച്ചു.
സെപ്റ്റംബർ ഒമ്പതിന് ലഹോറിൽ ഫ്രഞ്ച് വംശജയായ പാക് യുവതി മൂന്ന് മക്കൾക്കുമുന്നിൽ കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത്തരം സംഭവങ്ങൾ ഇരകളുടെ ജീവിതത്തെ നശിപ്പിക്കുകയും കുടുംബങ്ങൾക്കു കഷ്ടതകളുണ്ടാക്കുകയും ചെയ്യുന്നതായി ഇമ്രാൻ പ്രതികരിച്ചു.
Content Highlights: Pakistan sexual assault