ഇസ്‌ലാമാബാദ്: ആഗോളഭീകരനും അൽഖായിദ മുൻ തലവനുമായ ഉസാമ ബിൻലാദനെ ‘രക്തസാക്ഷി’യെന്ന് പാകിസ്താൻ പാർലമെന്റിൽ വിശേഷിപ്പിച്ച് പ്രധാനമന്ത്രി ഇമ്രാൻഖാൻ. ദേശീയ അസംബ്ലിയിലെ ചർച്ചാവേളയിലായിരുന്നു പരാമർശം. പാകിസ്താന്റെ വ്യോമമേഖലയിൽവെച്ച് യു.എസ്. കൊലപ്പെടുത്തിയ ഉസാമ ബിൻലാദൻ എന്നുപറഞ്ഞ ഇമ്രാൻ, പിന്നീട് ‘കൊലപ്പെടുത്തിയ’ എന്നത് ‘രക്തസാക്ഷിത്വം വരിച്ച’ എന്ന്‌ തിരുത്തുകയായിരുന്നു.

ഇസ്‌ലാമാബാദിനടുത്തുള്ള ആബട്ടാബാദിൽ ഒളിച്ചുകഴിയുകയായിരുന്ന ബിൻ ലാദനെ 2011 മേയ് രണ്ടിനാണ് യു.എസ്. പ്രത്യേക കമാൻഡോ ഓപ്പറേഷനിലൂടെ കൊന്നത്. യു.എസിൽ 3000 പേരുടെ മരണത്തിനിടയാക്കിയ 9/11 ഭീകരാക്രമണം നടന്ന് പത്തുവർഷത്തിനുശേഷമാണിത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു ഉസാമ ബിൻലാദൻ. ലാദനെ കണ്ടെത്തുന്നതിനായി യു.എസിൽനിന്ന്‌ പാക് സൈന്യം പണവും കൈപ്പറ്റിയിരുന്നു.