ഇസ്‌ലാമാബാദ്: പാകിസ്താൻ ഇപ്പോൾ ഭീകരരുടെ സുരക്ഷിത താവളമല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിൽ നിന്നുള്ളവർക്ക് അഭയം നൽകിയതിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഫ്ഗാനിൽ സമാധാനം പുലർന്നുകാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകരപ്രവർത്തനത്തിന് പണമെത്തുന്നത് തടയാൻ ആഗോളതലത്തിൽ പാരിസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടന ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്.) പാകിസ്താനെ ഗ്രേ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചിതസമയത്തിനകം എഫ്.എ.ടി.എഫ്. നിർദേശിച്ച നടപടികളെടുത്തില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പാരിസിൽ സംഘടന നിർണായകയോഗം ചേരാനിരിക്കേ തങ്ങൾ ഭീകരതയ്ക്കെതിരേ ശക്തമായ നടപടികളെടുത്തെന്ന് അറിയിക്കുക കൂടിയാണ് ഇമ്രാൻഖാൻ ലക്ഷ്യമിടുന്നത്. താലിബാൻ, ഹഖാനി ശൃംഖല, ലഷ്കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകൾക്ക് പാകിസ്താൻ സുരക്ഷിത താവളമൊരുക്കുകയാണെന്ന് യു.എസും ഇന്ത്യയും അഫ്ഗാനിസ്താനും നിരന്തരം ആരോപിക്കുന്നുണ്ട്.

‘‘പാകിസ്താനിൽ ഇപ്പോൾ ഭീകരർക്ക് സുരക്ഷിതതാവളമില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു.’’ -യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെ സാക്ഷിനിർത്തി ഇമ്രാൻ പറഞ്ഞു. ‘‘മുമ്പ് എന്തൊക്കെയായിരുന്നാലും ഇപ്പോൾ എല്ലാം മാറി. അഫ്ഗാനിൽ സമാധാനം മാത്രമാണ് ഇപ്പോൾ ഞങ്ങൾ ആഗ്രഹിക്കുന്നത്’’ -ഇമ്രാൻ പറഞ്ഞു. അതേസമയം, 9/11 ഭീകരാക്രമണത്തിനുശേഷം രാജ്യത്ത് അഫ്ഗാൻ അഭയാർഥിക്യാമ്പുകൾ കേന്ദ്രീകരിച്ച് ഇത്തരം സുരക്ഷിതതാവളങ്ങളുണ്ടായിരുന്നിരിക്കാമെന്ന് ഇമ്രാൻ അംഗീകരിച്ചതായാണ് പാക് പത്രം ദ ന്യൂസ് റിപ്പോർട്ട് ചെയ്തത്.

ഒന്നരലക്ഷത്തോളം പേരാണ് പാകിസ്താനിലെ അഫ്ഗാൻ അഭയാർഥികേന്ദ്രങ്ങളിലുള്ളത്. ഈക്യാമ്പുകളിൽനിന്ന് ഭീകരപ്രവർത്തനത്തിന് ആളെച്ചേർക്കാൻ താലിബാന് പാകിസ്താൻ സഹായം നൽകുന്നതായി അഫ്ഗാൻ വൈസ് പ്രസിഡന്റ് സർവാർ ഡാനിഷ് ആരോപിച്ചിരുന്നു. അഭയാർഥി ക്യാമ്പുകളിൽ ഭീകരർ ഒളിച്ചിരിക്കുന്നില്ലെന്ന് പൂർണ ഉറപ്പുനൽകിയില്ലെങ്കിലും അഫ്ഗാനിൽ ഭീകരാക്രമണങ്ങൾ തടയാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഇമ്രാൻ അറിയിച്ചു. അഫ്ഗാനിൽ നിന്നുള്ളവർക്ക് അഭയം നൽകുന്ന പാകിസ്താന്റെ നടപടികളെ യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും അഭിനന്ദിച്ചു.