ഇസ്‍ലാമാബാദ്: ആണവായുധം ആദ്യമുപയോഗിക്കില്ലെന്ന നയത്തിൽ മാറ്റം വന്നേക്കാമെന്ന പ്രതിരോധമന്ത്രി രാജ്‍നാഥ് സിങ്ങിന്റെ പരാമർശത്തിനെതിരേ പാകിസ്താൻ. നിരുത്തരവാദപരവും ദൗർഭാഗ്യകരവുമാണെന്ന് ഈ പ്രസ്താവനയെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.
“ഇന്ത്യൻ പ്രതിരോധമന്ത്രിയുടെ പ്രസ്താവനയുടെ പൊരുളും അതുനടത്തിയ സമയവും ദൗർഭാഗ്യകരമാണ്. ഇന്ത്യയുടെ നിരുത്തരവാദിത്വവും സംഘർഷത്തിനു പ്രേരിപ്പിക്കുന്നതുമായ സ്വഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാജ്‍നാഥ് സിങ്ങിന്റെ അറിവില്ലായ്മയും ഇതുതെളിയിക്കുന്നു” -ഖുറേഷി പ്രസ്താവനയിൽ പറഞ്ഞു.
വെള്ളിയാഴ്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ പൊഖ്‌റാനിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച ശേഷമായിരുന്നു രാജ്‌നാഥിന്റെ പ്രസ്താവന.