ഇസ്‌ലാമാബാദ്: ശുദ്ധീകരിക്കാത്ത സിറിഞ്ച് ഉപയോഗിച്ചതിലൂടെ പാകിസ്താനിൽ 65 കുട്ടികളടക്കം തൊണ്ണൂറിലധികം പേർക്ക് എച്ച്.ഐ.വി. ബാധ. തെക്കൻ നഗരമായ ലർകാനയിലാണ് സംഭവം സ്ഥിരീകരിച്ചത്. പരാതി ഉയർന്നതോടെ ഡോക്ടറെ അറസ്റ്റുചെയ്തതായി പ്രാദേശിക പോലീസ് മേധാവി കമ്രാൻ നവാസ് പറഞ്ഞു. ഡോക്ടറും എച്ച്.ഐ.വി. ബാധിതനാണെന്ന് പരിശോധനയിൽ തെളിഞ്ഞു.

ലർകാന നഗരപരിധിയിൽ താമസിക്കുന്ന 18 കുട്ടികൾക്ക് എച്ച്.ഐ.വി. ബാധിച്ചത് നേരത്തേ അധികൃതർ സ്ഥിരീകരിച്ചിരുന്നു. പിന്നീട് കൂടുതൽപേരിൽ കണ്ടെത്തിയതാണ് അന്വേഷണം നടത്താൻ കാരണമായത്. തൊണ്ണൂറിലധികംപേരെയാണ് ഇപ്പോൾ വൈറസ് ബാധിച്ചിട്ടുള്ളതെന്ന് ജില്ലാ ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

എച്ച്.ഐ.വി.ബാധ വ്യാപകമായി കണ്ടതിനെത്തുടർന്ന് കുട്ടികളുടെ രക്ഷിതാക്കളുടെയും രക്തം അധികൃതർ പരിശോധിച്ചിരുന്നു. എന്നാൽ, ഇവരിൽ വൈറസ്ബാധ കണ്ടെത്തിയിട്ടില്ലെന്ന് സിന്ധ് പ്രവിശ്യയിലെ ആരോഗ്യമന്ത്രി അസ്ര പെചുഹോ സ്ഥിരീകരിച്ചു. മേഖലയിൽ പ്രതിരോധ, ബോധവത്‌കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

എച്ച്.ഐ.വി. പ്രതിരോധത്തിൽ വളരെ പിന്നിൽനിൽക്കുന്ന രാജ്യമാണ് പാകിസ്താൻ. മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരിലും ലൈംഗികത്തൊഴിലാളികളിലും വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളിലുമാണ് കൂടുതലായി വൈറസ്ബാധ കണ്ടുവരുന്നത്.

Content Highlights: Pakistan, HIV, syringe