ക്വറ്റ: ബലൂചിസ്താന്‍പ്രവിശ്യയില്‍ അജ്ഞാതരുടെ വെടിയേറ്റ് പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പാകിസ്താനിലെ ഉറുദു പ്രാദേശിക പത്രമായ 'കുദ്‌റത്തി'ലെ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് ജന്‍ (37) ആണ് കൊല്ലപ്പെട്ടത്.

ജോലികഴിഞ്ഞ് മോട്ടോര്‍സൈക്കിളില്‍ വീട്ടിലേക്കുമടങ്ങവെ എതിരെവന്ന രണ്ട് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബലൂചിസ്താന്‍ മീഡിയാകൗണ്‍സിലിന്റെ പ്രസ് സെക്രട്ടറികൂടിയായ മുഹമ്മദ് ജന്‍ സര്‍ക്കാര്‍സ്‌കൂള്‍ അധ്യാപകനുമാണ്.

ലോകത്തില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടംനിറഞ്ഞ രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍. വര്‍ഗീയവാദികളും വിഘടനവാദികളും ഇസ്ലാമികഭീകരരും നടത്തിവരുന്ന സായുധകലാപങ്ങളില്‍ നിരവധി പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.